തൃശൂർ: ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ കോടികൾ തട്ടിയ ചങ്ങരംകുളം സ്വദേശിയെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മേലേപ്പാട്ട് മൊയ്തു ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറായ ചങ്ങരംകുളം നരനിപ്പുഴ സ്‌കൂളിന് സമീപം മേലപ്പാട് വളപ്പിൽ വീട്ടിൽ ഷൗക്കത്തലിയാണ് (43) അറസ്റ്റിലായത്. പഴയന്നൂർ തോപ്പിൽതൊടി വീട്ടിൽ വീരാൻകുട്ടിക്ക് വ്യാപാര സ്ഥാപനത്തിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നല്കി 3.64 ഏക്കർ സ്ഥലവും വീടും കൈക്കലാക്കി, പണയപ്പെടുത്തി തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 4.35 കോടി തട്ടിയെടുത്തെന്ന കേസിലാണ് പിടിയിലായത്. പണം കിട്ടിയ ശേഷം വ്യാജ രേഖയുണ്ടാക്കി വീരാൻ കുട്ടിയെ പങ്കാളിത്തത്തിൽ നിന്ന് ഒഴിവാക്കി. വായ്പയെടുത്ത പണം തിരികെ അടച്ചതുമില്ല. ഇതേ പോലുള്ള നിരവധി തട്ടിപ്പുകൾ ഷൗക്കത്തലി നടത്തിയതായി പൊലീസ് കണ്ടെത്തി. തട്ടിപ്പിനായി കുടുംബപേരിട്ട് നിധി സ്ഥാപനങ്ങളും പ്രതി നടത്തിയിരുന്നു. ഇതിന് കേരളത്തിലും പുറത്തും ശാഖകൾ തുറന്ന് കോടികളുടെ തട്ടിപ്പ് നടത്തി. ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം നിക്ഷേപിക്കാനും ഇരട്ടി തുക തിരികെ നല്കാമെന്നും വാഗ്ദാനം നല്കിയാണ് തട്ടിപ്പ് നടത്തിയത്. തൃശൂർ ജില്ലാ ബാങ്കിൽ മറ്റുള്ളവരുടെ ആധാരങ്ങളും രേഖകളും പണയപ്പെടുത്തി കോടികളുടെ ക്രമക്കേട് നടന്നതായി ജില്ലാ ബാങ്ക് ഭരണ സമിതി ആരോപിച്ചിരുന്നു...