കാഞ്ഞാണി: മണലൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം ജനകീയ പ്രതിഷേധത്തെ തുടർന്ന് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. തീരദേശ പ്രദേശമായ മണലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തും നിന്നും ധാരാളം രോഗികൾ ദിനംപ്രതി ഇവിടെ വരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. പ്രളയസമയത്ത് ഓരോ വീടുകളിലും ഉണ്ടായിരുന്ന കിടപ്പുരോഗികളെ രക്ഷപ്പെടുത്തി ഇവിടെയാണ് എത്തിച്ചത്. 10 ദിവസത്തോളം കറന്റ് ഇല്ലാത്ത സാഹചര്യത്തിൽ വാടകയ്ക്ക് ജനറേറ്റർകൊണ്ടു വന്നാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടപ്പുരോഗികൾക്ക് വെളിച്ചം ഒരുക്കിയത്. എന്നിട്ടും ഇതുവരെ ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ആശുപത്രി മാലിന്യങ്ങൾ നശിപ്പിക്കുന്ന കാര്യത്തിലും നടപടിയായിട്ടില്ല. ഇതിനായി ഇൻസിലേറ്റർ പോലും സ്ഥാപിച്ചിട്ടില്ല. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.