ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള പതിനേഴാമത് ശ്രീശാസ്താ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. വൈകീട്ട് 6.30 ന് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ആറാട്ടുപുഴ, പല്ലിശ്ശേരി, പനംകുളം, ഞെരുവിശ്ശേരി ദേശങ്ങളിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 14 വിദ്യാർത്ഥികൾക്ക് സമിതിയുടെ ഉപഹാരങ്ങൾ പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു.
2018ൽ കോമേഴ്‌സിൽ ഡോക്ടറേറ്റ് ലഭിച്ച ആറാട്ടുപുഴ സ്വദേശി എ.ജി. ഹരീഷ് കുമാറിനെയും ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദം ലഭിച്ച ഡോ. നിമ്മി മേനോനെയും സമിതി ഉപഹാരം നൽകി ആദരിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം. മധു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദേവ സംഗമ സമിതി പ്രസിഡന്റ് എ.എ കുമാരൻ, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. മധു സ്വാഗതവും സെക്രട്ടറി അഡ്വ. കെ. സജേഷ് നന്ദിയും പറഞ്ഞു. സ്മൃതി എസ്. മേനോന്റെ പ്രാർത്ഥനയോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് കിള്ളിക്കുറിശ്ശിമംഗലം രമേഷ്, തിരുവില്ല്വാമല മുരളീധരൻ, കൊടുന്തിരപ്പിള്ളി വെങ്കിടേശ്വരൻ, ജി. മനോഹരൻ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന് ഉണ്ടായിരുന്നു. 2, 3 തിയ്യതികളിൽ സംഗീതോത്സവം തുടരും.