പാവറട്ടി: മുല്ലശ്ശേരി ഞാറ്റുവേല ചന്ത 2, 3 തീയതികളിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത്, കൃഷിഭവൻ, മുല്ലശ്ശേരി സർവീസ് സഹകരണ സംഘം സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രണ്ടിന് രാവിലെ 10.30ന് മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനാകും.

കൃഷി വിജ്ഞാന ക്ലാസ്, പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചന്തയിൽ ഉണ്ടാകും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നടീൽ വസ്തുക്കളും വിത്തുകളും വിതരണം ചെയ്യും. ചന്ത ബുധനാഴ്ച വൈകീട്ട് സമാപിക്കും.

എളവള്ളി പഞ്ചായത്തിലെ ഞാറ്റുവേല ചന്ത ചൊവ്വാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കൃഷിഭവൻ, സഹകരണ ബാങ്കുകൾ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ചിറ്റാട്ടുകരയിൽ പഞ്ചായത്ത് കോമ്പൗണ്ടിൽ ആണ് രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ചന്ത സംഘടിപ്പിച്ചിട്ടുള്ളത്.