തൃശൂർ: സ്വകാര്യ ബസുകളിൽ പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ഹെൽപ്പ് ലൈൻ നമ്പറുകൾ നിർബന്ധമാക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കും. നിലവിൽ ഈ നമ്പറുകൾ പ്രദർശിപ്പിച്ചിരിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഭൂരിഭാഗം ബസുകളും നിയമം മറികടക്കുകയാണ്.
അപകടമുണ്ടാകുന്ന സമയങ്ങളിലും മറ്റും യാത്രക്കാർക്കും നാട്ടുകാർക്കും പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നതിന് സഹായകരമായ വിധത്തിലാണ് ഈ നമ്പറുകൾ കൃത്യമായി എഴുതിസൂക്ഷിക്കേണ്ടത്. സംസ്ഥാനത്ത് പൊതുയാത്രാ വാഹനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി 2019 ജനുവരി ഒന്നുമുതൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (ജി.പി.എസ്.) നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
അപകടസമയത്തും അടിയന്തരഘട്ടങ്ങളിലും അലാറം മുഴക്കുന്നതിനും ഓപ്പറേറ്റിംഗ് സെന്ററിലേക്ക് സന്ദേശം അയയ്ക്കുന്നതിനും സഹായകമായ പാനിക് ബട്ടണും ബസുകളടക്കമുള്ള യാത്രാവാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കുന്നതോടൊപ്പം പൊലീസ്, അഗ്‌നിരക്ഷാസേന ഹെൽപ്പ് ലൈൻ നമ്പറുകളും നിർബന്ധമാക്കും. തൃശൂർ കാരിക്കുളം കടവ് വേലൂപ്പാടത്തെ ചെമ്മനാടൻ വീട്ടിൽ സുരേഷ് ചെമ്മനാടന് വിവരാവകാശം വഴി നൽകിയ മറുപടിയിലാണ് ഗതാഗതവകുപ്പ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്.