തൃശൂർ: കാലവർഷം തുടങ്ങി ഒരു മാസമാകുമ്പോൾ പീച്ചി, ചിമ്മിനി, വാഴാനി, പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ സമീപകാലത്തെ ഏറ്റവും കുറവ് ജലനിരപ്പ് രേഖപ്പെടുത്തിയതോടെ വൈദ്യുതി പ്രതിസന്ധിയും വരൾച്ചയും വിളനഷ്ടവും ഉറപ്പായി.

പീച്ചിയിൽ വെള്ളം താഴ്ന്നത് കുടിവെള്ളവിതരണത്തെയും സാരമായി ബാധിക്കും. നഗരത്തിലെ കുടിവെള്ളവിതരണത്തിനായി അഞ്ചു മാസത്തേക്കുള്ള വെള്ളമാണ് അണക്കെട്ടിലുള്ളത്. കുടിവെള്ളത്തിന് ദിവസവും 55,000 ഘന അടി വെള്ളമാണ് അണക്കെട്ടിൽ നിന്ന് എടുക്കുന്നത്. കനാലുകളിൽനിന്ന് ഉറവയായി വരുന്ന വെള്ളമാണ് സമീപപഞ്ചായത്തുകളിലെ ആയിരക്കണക്കിന് കിണറുകളെ ജലസമൃദ്ധമാക്കുന്നത്. ജലസേചനത്തിനായി കനാലുകൾ തുറന്നില്ലെങ്കിൽ ജില്ലയിൽ ജലക്ഷാമവും രൂക്ഷമാവും. മഴ ലഭിച്ചില്ലെങ്കിൽ കൃഷി മുടങ്ങാനും ഇടയാകും. അഞ്ചുമാസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണ് നിലവിൽ അണക്കെട്ടിൽ ശേഷിക്കുന്നത്.

18,000 ഹെക്ടർ സ്ഥലത്തെ കൃഷി ആവശ്യങ്ങൾക്കുള്ള ജലസ്രോതസ്സായ പീച്ചിയുടെ കനാലിലെ വെളളം 8,000 ഹെക്ടറോളം സ്ഥലത്ത് കൃഷി നടത്താനായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. 60 ദശലക്ഷം ഘനമീറ്റർ വെള്ളം കഴിഞ്ഞ വർഷം ജലസേചനത്തിനായി വിട്ടിരുന്നു.

പ്രളയത്തിന് പിന്നാലെ തുലാവർഷവും വേനൽമഴയും കാലവർഷവും ചതിച്ചതോടെയാണ് ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത്. ജൂൺ മാസത്തിൽ ജില്ലയിൽ നാൽപ്പത് ശതമാനം മഴക്കുറവാണുണ്ടായത്. 2016ൽ മഴ കുറവായിരുന്നതിനാൽ 2017ൽ ജലസേചനത്തിനായി അണക്കെട്ടിൽനിന്ന് വെള്ളം നൽകിയിരുന്നില്ല. സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. മഴ ലഭിക്കാതെ വന്നാൽ ജല നിയന്ത്രണം വേണ്ടിവരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോ ദിവസത്തെയും ശരാശരി വൈദ്യതോപയോഗം എന്നിവ കണക്കാക്കിയാണ് ലോഡ്‌ ഷെഡ്ഡിംഗിന്റെ സാദ്ധ്യതകൾ വിലയിരുത്തുന്നതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.

പീച്ചി ഡാം:

ഇന്നലത്തെ ജലനിരപ്പ്: 66.50 മീറ്റർ (9.97 ദശലക്ഷം ഘന മീറ്റർ വെളളം)

കഴിഞ്ഞവർഷം ജൂലായ് രണ്ട്: 71.83 മീറ്റർ (27.80 ദശലക്ഷം ഘന മീറ്റർ)

2017ജൂലായ് രണ്ട് : 65.47 മീറ്റർ (7.99ദശലക്ഷം ഘന മീറ്റർ)

പരമാവധി സംഭരണശേഷി: 94.96 ദശലക്ഷം ഘന മീറ്റർ

ചിമ്മിനി:

ഇന്നലത്തെ ജലനിരപ്പ്: 50.45 മീറ്റർ (18.45 ദശലക്ഷം ഘന മീറ്റർ വെളളം)

കഴിഞ്ഞവർഷം ജൂലായ് രണ്ട്: 60.09മീറ്റർ (51.20 ദശലക്ഷം ഘന മീറ്റർ)

2017ജൂലായ് രണ്ട് : 50.42 മീറ്റർ (18.47ദശലക്ഷം ഘന മീറ്റർ)

വാഴാനി:

ഇന്നലത്തെ ജലനിരപ്പ്: 47.06 മീറ്റർ (2.24 ദശലക്ഷം ഘന മീറ്റർ വെളളം)

കഴിഞ്ഞവർഷം ജൂലായ് രണ്ട്: 53.60മീറ്റർ (7.90 ദശലക്ഷം ഘന മീറ്റർ)

2017ജൂലായ് രണ്ട് : 49.50 മീറ്റർ (3.89ദശലക്ഷം ഘന മീറ്റർ)

പെരിങ്ങൽക്കുത്ത്

ഇന്നലത്തെ ജലനിരപ്പ് : 414.6 മീറ്റർ

കഴിഞ്ഞവർഷം ജൂലായ് രണ്ട്: 424 മീറ്റർ

ഷോളയാർ:

ഇന്നലത്തെ ജലനിരപ്പ് : 2583.40 അടി

കഴിഞ്ഞവർഷം ജൂലായ് രണ്ട്:2618.40 അടി