തൃശൂർ: വ്യവസായികളോട് ഇരട്ടത്താപ്പ് കാണിക്കുന്ന സമീപനമാണ് സർക്കാരുകളുടേതെന്ന് കേരള ഇന്റഗ്രേറ്റഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളിൽ വ്യവസായ സ്ഥാപനം തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല. വ്യവസായ എസ്റ്റേറ്റുകൾക്ക് പുറത്തുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാരുടെ വിചിത്രവാദമെന്ന് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു.

പല വ്യവസായങ്ങളും തുടങ്ങുന്നതിനുള്ള മാനദണ്ഡം പഞ്ചായത്ത് ലൈസൻസാണ്. എല്ലാ ലൈസൻസുകളും കിട്ടി അതെല്ലാം വിദഗ്ദ്ധമായി പരിശോധിച്ച് അവസാനം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തോടു കൂടി കൊടുക്കേണ്ടതാണ് പഞ്ചായത്ത് ലൈസൻസ് എന്നാണ് ഇവിടത്തെ നിയമം. എല്ലാ ലൈസൻസുകളും ഓൺലൈൻ ആണെന്നിരിക്കെ പഞ്ചായത്ത് ലൈസൻസ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല.

എല്ലാ ലൈസൻസുകളും ഏകജാലക സംവിധാനത്തിലൂടെ ലഭിക്കുമെന്ന മൂന്ന് മാസം മുമ്പുള്ള നിയമസഭാപ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം പോലും നടപ്പായിട്ടില്ല. ഭാരവാഹികളായ അഗസ്റ്റിൻ സൈമൺ, ഷിജിത് കാവുങ്കൽ, ബാബു തറയിൽ, ജയോസ് മാനാടത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.