ഇന്ന് തടവുകാരെ പാർപ്പിക്കും
തൃശൂർ: കൊടുംകുറ്റവാളികൾക്കു തമ്മിൽ കാണാൻ അവസരമില്ലാത്തവിധം ഒരുക്കിയ സെല്ലുകളോടെ അതീവ സുരക്ഷാമാർഗങ്ങൾ ഒരുക്കിയ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിൽ ഇന്ന് മുതൽ തടവുകാരെ പാർപ്പിക്കും. 535 തടവുകാരെ ഉൾക്കൊള്ളിക്കാനാവുന്ന ജയിലിൽ അപകടകാരികളായ തടവുകാർ, തീവ്രവാദികൾ, രാജ്യദ്രോഹക്കേസുകളിലെ കുറ്റവാളികൾ, കൊടും ക്രിമിനലുകൾ തുടങ്ങിയവരെയാണ് പാർപ്പിക്കുക. ഒമ്പതേക്കറിൽ നിർമിച്ച മൂന്നുനില കെട്ടിടത്തിൽ അതീവ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്‌കാനർ വഴിയാകും പ്രവേശനം. സന്ദർശകർക്ക് ഫിംഗർ പഞ്ചിംഗുമുണ്ടാകും.
വിയ്യൂർ ജയിലിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച ഹൈ സെക്യൂരിറ്റി പ്രിസൺ രാജ്യത്തെ അതീവ സുരക്ഷാ ജയിലിന്റെ ഗണത്തിലുള്ളതാണ്. കനത്ത സുരക്ഷാ സംവിധാനങ്ങളും, അത്യാധുനിക ക്രമീകരണങ്ങളുമുള്ള ഹൈ സെക്യൂരിറ്റി പ്രിസൺ വിയ്യൂർ ജയിലിനെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കിയിരുന്നു.
തടവുകാരെ പരിശോധിപ്പിക്കാൻ ഫുൾബോഡി സ്‌കാനർ, ബാഗേജ് സ്‌കാനർ, ബയോ മെട്രിക് വെരിഫിക്കേഷൻ പവർ ഫെൻസിംഗ്, 15 മീറ്റർ ഉയരത്തിൽ നാലു നൈറ്റ് വിഷൻ വാച്ച് ടവർ, ഹൈ ബീം സെർച്ച് ലൈറ്റ്, ഇരുനൂറ്റിയമ്പതിലേറെ സി.സി.ടി.വി കാമറകൾ, വീഡിയോ കോൺഫറൻസിംഗ് സംവിധാനം തുടങ്ങി പ്രത്യേക ട്രാൻസ്‌ജെൻഡർ ബ്ലോക്ക് അടക്കമാണ് ഹൈ സെക്യൂരിറ്റി ജയിൽ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നത്. തീവ്രവാദ – പാർപ്പിക്കാൻ വിയ്യൂർ സെൻട്രൽ ജയിലിനോടു ചേർത്തു നിർമിച്ച ഹൈ സെക്യൂരിറ്റി ജയിൽ മൂന്നു വർഷങ്ങളായി പ്രവർത്തനം ആരംഭിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീവ്രവാദക്കേസ് പ്രതികളടക്കമുള്ളവരെ ജയിലിലെ പരിമിത സുരക്ഷയിലാണ് പാർപ്പിച്ചിരുന്നത്. ടി.പി. വധക്കേസ് കുറ്റവാളികളിൽ നിന്ന് കഴിഞ്ഞമാസം മൊബൈലുകളും സിംകാർഡുകളും പവർബാങ്കുകളും പിടിച്ചെടുത്തിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽവാസക്കാലത്തിനിടെ മൂന്നുവട്ടമാണ് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. തുടർന്ന് ഇവരെ പൂജപ്പുര സെൻട്രൽജയിലിലേക്ക് മാറ്റി.
ഉദ്ഘാടനം പേരിന്
മൂന്നു വർഷം മുൻപ് ഫെബ്രുവരി 13 നാണ് ഹൈ സെക്യൂരിറ്റി ജയിലിൻ്റെ ഉദ്ഘാടനം നടത്തിയത്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങാനായില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ജയിൽ ഡി.ജി.പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റതിനു ശേഷമാണ് ജയിൽ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ഇന്ന് രാവിലെ പത്തിന് നാടമുറിച്ച് തടവുകാരെ പ്രവേശിപ്പിച്ച് ജയിലിൻ്റെ പ്രവർത്തനത്തിന് ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം കുറിക്കും.