kunduvakadavu-kayal
പാവറട്ടി കുണ്ടുവക്കടവ് കായലിൽ മത്സ്യത്തൊഴിലാളികൾ വാഴനട്ടു പ്രതിഷേധിക്കുന്നു.

ചാവക്കാട്: വെള്ളം കുറഞ്ഞ് ആഴം കുറഞ്ഞ കുണ്ടുവക്കടവ് കായലിൽ മത്സ്യത്തൊഴിലാളികൾ വാഴനട്ടു പ്രതിഷേധിച്ചു. ചെളിയും മട്ടും അടിഞ്ഞു പതിനഞ്ചു അടിയിലേറെ ആഴമുണ്ടായിരുന്ന പാവറട്ടി പഞ്ചായത്തിലുള്ള കുണ്ടുവക്കടവ് കായൽ ഇപ്പോൾ ആഴമില്ലാതായി മാറിയിരിക്കുകയാണ്. കൈയേറ്റവും ഒഴുക്ക് നിലച്ചതും കാരണം മത്സ്യത്തൊഴിലാളികൾക്ക് വഞ്ചി ഇറക്കുവാനോ, വല വീശുന്നതിനോ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

മത്സ്യത്തൊഴിലാളികളായ രാമകൃഷ്ണൻ, അർജുനൻ, മണി, ഷൈജൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ബി.ജെ.പി പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അനിൽ അമ്പാടി, ശശി മരുതയൂർ എന്നിവർ സംസാരിച്ചു. ഈ വിഷയവുമായി ബന്ധപെട്ട് എം.പിക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. കനോലി കനാലിന്റെ ഭാഗമായ കുണ്ടുവകടവ് കായൽ ചളി നീക്കി സ്വഭാവികമായ ഒഴുക്ക് നിലനിറുത്തുകയും തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.