തൃശൂർ: പട്ടികജാതി- വർഗ വിദ്യാർത്ഥികളുടെ ലപ്‌സം ഗ്രാന്റ് ലഭിക്കാൻ ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധം ശക്തം. വിവിധ പട്ടികജാതി- വർഗ സംഘടനകൾ രംഗത്ത് വന്നു. ലപ്‌സം ഗ്രാന്റ് വിതരണം ചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് വകുപ്പ് മന്ത്രി എ.കെ. ബാലന് നിവേദനം നൽകി.

ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്നിരിക്കെ പട്ടികജാതി വിദ്യാർത്ഥികൾക്ക് സീറോ ബാലൻസ് അക്കൗണ്ട് നൽകാൻ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം. പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ മുതൽ 1000 രൂപ വരെ വാങ്ങിക്കുന്ന ബാങ്കുകളുടെ നടപടി പ്രതിഷേധാർഹമാണ്. ഈ നീക്കത്തിൽ നിന്ന് ബാങ്കുകൾ പിന്മാറണം. സ്‌കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പട്ടികജാതി വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാന്റ് നൽകാത്ത സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ നടപടി തികച്ചും അനാസ്ഥയാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.

ലംപ്‌സം ഗ്രാന്റ് വിതരണം ചെയ്യാത്ത നടപടിക്കെതിരെ എസ്.സി, എസ്.ടി വിദ്യാഭ്യാസ സംരക്ഷണ സമിതി രംഗത്ത് വന്നിരുന്നു. പട്ടികജാതി-വർഗ വികസന വകുപ്പ് ജില്ലാ ഓഫീസർക്ക് പരാതി നൽകിയിരുന്നു.