police
മല്ലികയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു

ചാഴൂർ: വടിവാൾ വീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരം കൊടുക്കാതെ മകൻ മുറിയിൽ പൂട്ടിയിട്ട അമ്മയെ അന്തിക്കാട് എസ്.ഐ സുജിത്ത് ജി. നായരുടെ നേതൃത്വത്തിൽ രക്ഷിച്ച് ആശുപത്രിയിലാക്കി. ചാഴൂർ പഞ്ചായത്തിലെ വേലുമാൻ പടിയിലെ മൂന്നാം വാർഡിൽ കരിക്കന്ത്ര വീട്ടിൽ മല്ലികയെയാണ് (73) പൊലീസെത്തി ആശുപത്രിയിലെത്തിച്ചത്. 15 സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പ്രളയത്തിൽപെട്ടപ്പോൾ പഞ്ചായത്ത് പണിത് കൊടുത്ത ഷെൽട്ടർ ഉണ്ടെങ്കിലും ഇവർക്ക് വിധിച്ചത് തകർന്നു വീഴാറായ കൂരയാണ്. കൂലിപ്പണിക്കാരനായ മകൻ ജ്യോതിയാണ് അമ്മയെ ആഹാരം വരെ കൊടുക്കാതെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. മകളുടെ പരാതിയെ തുടർന്നാണ് അന്തിക്കാട് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. പൊലീസ് എത്തുന്നതറിഞ്ഞ് മകൻ സ്ഥലം വിട്ടു. സ്‌നേഹിത കോ ഓഡിനേറ്റർ ദീപ, കുടുംബശ്രീ ചെയർപേഴ്‌സൻ ജിജി പ്രദീപ്, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകജരാജ്, വാർഡ് മെമ്പർ സുജാത എന്നിവരെത്തി ആശ്വസിപ്പിച്ചു. തുടർന്ന് അന്തിക്കാട് എസ്.ഐ സുജിത്ത് ജി. നായർ, അഡീഷണൽ എസ്.ഐ ഗിരിജാ വല്ലഭൻ, സി.പി.ഒമാരായ അനീഷ്, അധീഷ് എന്നിവർ ചേർന്ന് മല്ലികയെ താങ്ങിയെടുത്ത് കസേരയിലിരുത്തി, ഇടുങ്ങിയ വഴിയിലൂടെ റോഡിലെത്തിച്ചു. തുടർന്ന് വാഹനത്തിൽ ആലപ്പാട് ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് വാർഡ് മെമ്പറെ മല്ലികയുടെ മകനെത്തി ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം സ്‌നേഹിത ഹെൽപ് ഡെസ്‌ക് വഴി ഇവരെ രാമവർമ്മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചാഴൂർ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ അഗതി ആശ്രയയിൽ അംഗം കൂടിയായ മല്ലിക മാസങ്ങളോളം പീഡനം അനുഭവിച്ചിട്ടും ഇവർ വേണ്ട നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. മല്ലികയുടെ മകനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.