ചാലക്കുടി: മുനിസിപ്പൽ ജംഗ്ഷനിലെ സിഗ്‌നൽ ട്രാഫിക് സംവിധാനം പൂർവ സ്ഥിതിയിലാക്കാൻ ശ്രമം തുടങ്ങി. ജംഗ്ഷന് വടക്കു ഭാഗത്തെ ഡിവൈഡർ പൊളിച്ചു മാറ്റലിനാണ് തുടക്കമായത്. പൊളിച്ചു മാറ്റുന്നിടത്ത് കോൺക്രീറ്റിംഗ് ചെയ്ത് വാഹനനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുക്കും.

മാള റോഡിലേക്കുള്ള പ്രവേശന കവാടം അടച്ച ശേഷം മുനിസിപ്പൽ ജംഗ്ഷനിൽ വച്ചായിരുന്നു ദേശീയ പാതയിലെ വാഹനങ്ങളെ തിരിച്ചു വിട്ടിരുന്നത്. ഡിവൈഡർ പൊളിച്ചു നീക്കിയ ശേഷം ഇനിമുതൽ അടിപ്പാത നിർമ്മാണം നടക്കുന്നതിന്റെ തൊട്ടടുത്ത് വച്ചായിരിക്കും വാഹന ഗതാഗതം നിയന്ത്രിക്കുക. ഇതിനിടെ മഴയിൽ തകർന്ന കിഴക്കു ഭാഗത്തെ സർവീസ് റോഡ് ടാറിംഗ് നടത്തുമെന്നും എൻ.എച്ച്.ഐ അധികൃതർ പറഞ്ഞിരുന്നു.

ഈയാഴ്ച അവസാനം മുനിസിപ്പൽ ജംഗ്ഷനിൽ പഴയപടി ക്രോസിംഗ് ആരംഭിക്കാനാണ് നീക്കം. എങ്കിലും അടിപ്പാത എന്ന അണ്ടർ വെഹിക്കുലാർ പാസേജിന്റെ പ്രശ്‌നം കീറാമുട്ടിയായി ഇനിയും തുടരുമെന്നാണ് നിഗമനം. എൻ.എച്ച്.ഐ.എയുടെ അനുമതിയില്ലാതെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയത് വിനയായി മാറി. പുതിയ എസ്റ്റിമേറ്റിന് കേന്ദ്ര സർക്കാർ വീണ്ടും അംഗീകാരം നൽകിയാൽ മാത്രമെ തുടർ പ്രവർത്തനങ്ങൾക്ക് ഇനി ഫണ്ട് ലഭിക്കുകയുള്ളു.