ഒല്ലൂർ : പരാജയത്തിന്റെ പേരിൽ ഓടിയൊളിക്കുന്നവരല്ല സി.പി.എമ്മുകാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംയോജിത കൃഷിയുടെ സംസ്ഥാന തല ഉദ്ഘാടനം പുത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ വെച്ചടി വെച്ചടി കയറ്റം പ്രതീക്ഷിക്കുന്നില്ല. വലിയ പരാജയം പാർട്ടിക്കുണ്ടായിട്ടും അതിലൊന്നും പകച്ചു നിൽക്കാതെ മുന്നേറിയ ചരിത്രമാണ് പാർട്ടിക്കുള്ളത്. ജനകീയ പരാജയങ്ങൾ പാർട്ടി അംഗീകരിക്കുന്നു. അതിനാൽ ജനകീയ വിഷയങ്ങളുമായി കൂടുതൽ ഇടപെടും. ഓണക്കാലത്ത് സി.പി.എം നേതൃത്വത്തിൽ പ്രാദേശിക ജൈവ കാർഷിക വിപണി തുറക്കും. വിഷരഹിത പച്ചക്കറിക്കായി ജനങ്ങളെയാകെ കണ്ണികളാക്കും. കാർഷികമേഖലയിൽ ജനകീയ ഇടപെടലാണ് ലക്ഷ്യം. അതുവഴി കാർഷിക ഉത്പന്ന മേഖലയിൽ കേരളത്തെ സ്വയം പര്യാപ്തമാക്കാനാവണം. പച്ചക്കറി, മത്സ്യം, മാംസം, മുട്ട എന്നിവയിൽ കേരളം സ്വയം പര്യാപ്തമല്ല. 1996ൽ ജനകീയാസൂത്രണ പദ്ധതി വഴി ഇതിനായി ശ്രമിച്ചു. നിരവധി പ്രദേശങ്ങളിൽ മാറ്റങ്ങളുണ്ടായി.
കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ കർഷകരെ സഹായിക്കാനാവണം. ജലസ്രോതസുകൾ സംരക്ഷിക്കണം. മാലിന്യ വിമുക്ത പ്രവർത്തനങ്ങൾ മുഖ്യ അജണ്ടയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി അദ്ധ്യക്ഷനായി.
മികച്ച കർഷകരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ആദരിച്ചു. പി. രാജീവ്, ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ മുരളി പെരുനെല്ലി എം.എൽ.എ, പി. കെ ഡേവിസ്, കെ. കെ രാമചന്ദ്രൻ, ബാബു എം. പാലിശ്ശേരി, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ കാർഷിക മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി പോൾ, പി.ബി. സുരേന്ദ്രൻ,
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല മനോഹരൻ, മിനി ഉണ്ണിക്കൃഷ്ണൻ, പ്രേമ കുട്ടൻ എന്നിവർ സംസാരിച്ചു.