കൊടുങ്ങല്ലൂർ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൂവ്വത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ശ്രീനാരായണപുരത്ത് ഒരുക്കിയ നാമ്പ് ഞാറ്റുവേല മഹോത്സവവും പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുന്നക്കുരു ബസാറിൽ ആരംഭിച്ച പഞ്ചദിന ഞാറ്റുവേല ചന്തയും ഇന്ന് സമാപിക്കും. രണ്ടിടങ്ങളിലും ഫലവൃക്ഷത്തൈകൾക്ക് ഏറെ ആവശ്യക്കാരുണ്ടായി. ശ്രീനാരായണപുരത്ത് എല്ലാ ദിവസവും വ്യത്യസ്ത കാർഷിക വിഷയങ്ങളെ ഉൾപ്പെടുത്തി നടത്തിയ സെമിനാറുകൾ കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാമ്പ് ഞാറ്റുവേലയിൽ ഇന്നലെ നടന്ന ജലജീവിതം കാർഷിക സെമിനാർ എം.ഇ.എസ് അസ്മാബി കോളേജ് എച്ച്.ഒ.ഡി ഡോ .കേശവൻ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഉൾനാടൻ മത്സ്യക്കൃഷിയെക്കുറിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് അസി.പ്രൊഫ. ഡോ. പി.എച്ച്. അൻവർ അലി വിഷയാവതരണം നടത്തി. ഡിപ്പാർട്ട്മെന്റ് ഒഫ് അക്വാകൾച്ചർ എച്ച്.ഒ.ഡി എം.എസ്.ബീന മോഡറേറ്ററായി. ശ്രീനാരായണപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയസുനിൽ രാജ് സ്വാഗതവും, ബാങ്ക് ഡയറക്ടർ സി.കെ. ശ്രീരാജ് നന്ദിയും പറഞ്ഞു. സഹകരണ ജീവനക്കാരുടെയും, കുടുംബശ്രീ അംഗങ്ങളുടെയും " കൂടൊരുക്കാം കൂട്ടുകൂടാം"കലാസന്ധ്യയും നടന്നു.

പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ വിവിധങ്ങളായ കർഷക സൗഹൃദ പദ്ധതികളുടെ ഭാഗമായി ആറാമത് പഞ്ചദിന ഞാറ്റുവേല ചന്തയിലെ സന്ദർശകർക്കായി ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പിലെ വിജയിയായ എൽത്തുരുത്ത് സ്വദേശിയായ സുനിൽ വെട്ടിയാറക്ക് ഇന്നലെ ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ സമ്മാനം കൈമാറി. ബാങ്കിന്റെ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് ബയോ ലാബ്, പാപ് സ്കോ എൽ.ഇ.ഡി.സൊല്യൂഷൻ, ഊർജ മിത്ര അക്ഷയ കേന്ദ്രം തുടങ്ങിയവയുടെ സ്റ്റാളുകൾക്ക് പുറമെ വൈവിദ്ധ്യമാർന്ന ഹൈബ്രിഡ് പച്ചക്കറിതൈകൾ, അപൂർവ്വയിനം ഫലവൃക്ഷ തൈകൾ, തെങ്ങിൻ തൈകൾ, ഇരുപതോളം മാവ്, പ്ലാവ് ഇനങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും, പ്രദർശനവും ഏറെ പേരെ ആകർഷിച്ചു.