ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രൽ ആരംഭിച്ച പറചൊരിയൽ വഴിപാട് നിറുത്തിവയ്ക്കണമെന്ന് ക്ഷേത്രം തന്ത്രി. പറചൊരിയൽ വഴിപാട് നിറുത്തിവയ്ക്കണമെന്ന് കാണിച്ച് മുഖ്യതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് കത്ത് നൽകി. പുതിയ വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടൻ നിറുത്തിവയ്ക്കണമെന്നും കാണിച്ചാണ് കത്ത് നൽകിയിട്ടുള്ളത്. ഇതിനു പുറമെ പുതിയതായി ക്ഷേത്രത്തിൽ വഴിപാടുകൾ ആരംഭിക്കുന്നുണ്ടെങ്കിൽ അനുവാദം ആരായേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
തന്ത്രിയുമായി ആലോചിക്കാതെയാണ് ദേവസ്വം കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പറ ചൊരിയൽ വഴിപാട് ആരംഭിച്ചിരുന്നത്. ഒരു ഭക്തന് മാത്രം ഒരു ദിവസം നടത്താൻ സാദ്ധ്യമായിരുന്ന ചുറ്റുവിളക്ക് വഴിപാട് അഞ്ചുപേർക്ക് നടത്താം എന്ന് പരിഷ്‌കരിച്ചതിന് പിന്നാലെയാണ് പുതിയ വഴിപാട് ആരംഭിച്ചത്. അഞ്ചു പേരുടെ പണം ഒന്നിച്ചു ദേവസ്വത്തിൽ അടയ്ക്കുന്ന ഒരാൾക്ക് പൂർണമായും വിളക്ക് നടത്താനും അവസരം നൽകുന്നുണ്ട്. ചുറ്റുവിളക്ക് അഞ്ചുപേർക്കാക്കിയപ്പോൾ കാര്യമായ വിവാദങ്ങളൊന്നുമുണ്ടായില്ല.
ഒരാൾ നടത്തിവന്നിരുന്ന ഉദയാസ്തമന പൂജയും അഞ്ചെണ്ണമാക്കിയിരുന്നു. എന്നാൽ ഇതിന് ദേവപ്രശ്‌നത്തിൽ അനുവാദം തേടിയെന്നതിനാൽ തന്ത്രി മൗനം പാലിച്ചു. ചെയർമാൻ കെ.ബി. മോഹൻദാസ് പറ ചൊരിഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം പറവഴിപാടിന് തുടക്കമിട്ടത്. ക്ഷേത്രത്തിൽ ആറാട്ട് പള്ളിവേട്ട ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി എന്നീ വിശേഷങ്ങൾക്ക് മാത്രമാണ് പറ നിറയ്ക്കൽ വഴിപാട് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ദേവ പ്രശ്‌നം നടത്തിയപ്പോഴും ഭരണസമിതി പുതിയ വഴിപാട് തുടങ്ങുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നില്ല.
പുതിയതായി വഴിപാടുകൾ ഒന്നും തന്നെ തുടങ്ങേണ്ടതില്ലെന്നും നിലവിലുള്ളവ കൃത്യതയോടെ നടപ്പാക്കണമെന്നുമായിരുന്നു അന്ന് ദേവപ്രശ്‌നം നടത്തിയ ദേവജ്ഞർ നിർദേശിച്ചിരുന്നത്. ദേവപ്രശ്‌നത്തിലെ നിർദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കാതെ പുതിയ പരിഷ്‌കാരങ്ങൾ നടത്തുന്നതിൽ ഭക്തജനങ്ങൾക്ക് ആക്ഷേപമുണ്ട്. പറ ചൊരിയൽ വഴിപാട് തുടങ്ങിയതിനെ തന്ത്രി തന്നെ എതിർപ്പുമായി രംഗത്തെത്തിയതോടെ ഇത് ദേവസ്വം ഭരണസമിതിക്ക് നിറുത്തലാക്കേണ്ടി വന്നേക്കും.