കയ്പ്പമംഗലം: കോൺഗ്രസ് എടത്തിരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുക, പ്രളയക്കെടുതി അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സഹായം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.എഫ്. ഡൊമിനിക്ക്, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പള്ളി, കെ.കെ. രാജേന്ദ്രൻ, പി.എ. ഷറഫുദ്ദീൻ, ഉമറുൽ ഫാറൂഖ്, പി.എസ്. മുഹമ്മദ് എന്നിവർ സംസാരിച്ചു.