തൃശൂർ : രാജ്യഭരണ കാലത്ത് വ്യാപാര ബന്ധത്തിലേക്കുള്ള താക്കോലായിരുന്ന വഞ്ചിക്കുളം ഇനി ടൂറിസത്തിലേക്കുള്ള വാതിലാകും. കോടികൾ പാഴായിപ്പോയ പദ്ധതികളെ പഴങ്കഥകളാക്കി വഞ്ചിക്കുളത്ത് അടുത്ത മാർച്ചോടെ പാർക്കും ബോട്ടിംഗ് യാർഡും ഒരുങ്ങും. കോർപറേഷൻ ഇപ്പോൾ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുറമേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലപാത പദ്ധതിയിൽ കൂടി വഞ്ചിക്കുളം ഉൾപ്പെടും. വഞ്ചിക്കുളം വികസനത്തിനായി കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുറമേ അമൃത് പദ്ധതിയിലൂടെയും തുക ചെലവഴിക്കുന്നുണ്ട്.
വിവിധ ഘട്ടങ്ങളിലായി 20 കോടിയാണ് ചെലവഴിക്കുന്നത്. ഇതു കൂടാതെ സംസ്ഥാന സർക്കാർ വഞ്ചിക്കുളം കോട്ടപ്പുറം ജലപാത പദ്ധതി ലക്ഷ്യമിട്ട് രൂപരേഖകൾ തയ്യാറാക്കി വരികയാണ്. വഞ്ചിക്കുളം ഏനാമാവ് ജലപാതയും പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ച നടന്നു. ദേശീയ ജലപാതകളെ ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിലെ ആദ്യ പദ്ധതിയായാണ് വഞ്ചിക്കുളം പരിഗണിക്കുന്നത്.
റോഡുകളിൽ നിന്നും ചരക്ക് ലോറികൾ പരമാവധി ഒഴിവാക്കുന്നത് കൂടി ലക്ഷ്യമാക്കിയാണ് പദ്ധതി. നിലവിലുള്ള കനാലുകളുടെ ആഴവും വീതിയും ഇതിനായി കൂട്ടേണ്ടിവരും. തൃശൂർ വികസന അതോറിറ്റി നൽകിയ നിവേദനമനുസരിച്ച് സർക്കാർ ചുമതലപ്പെടുത്തിയനുസരിച്ച് കിറ്റ്‌കോയുടെ നേതൃത്വത്തിൽ ദേശീയ ജലപാതയിലെ വിദഗ്ദ്ധർ ഏനാമാവ് മുതൽ തൃശൂർ വരെ സർവ്വേ നടത്തി നാല് വർഷം മുമ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വഞ്ചിക്കുളം ഏനാമാവ് കനാൽ ജലപാത വികസനം ടൂറിസത്തിന് അനന്ത സാദ്ധ്യതകളാണ് തുറന്നിടുന്നതെന്ന് സർവേ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
വടൂക്കര വരെ സംരക്ഷണ ഭിത്തി
വഞ്ചിക്കുളം സംരക്ഷണ പദ്ധതിയുടെ ഭാഗമായി കനാലിൽ വടൂക്കര പാലം വരെ 2.5 കിലോമീറ്റർ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. അതിൽ ആദ്യഘട്ടമായി 400 മീറ്റർ ദൂരം സംരക്ഷണ ഭിത്തി കെട്ടിക്കഴിഞ്ഞു. നടപ്പാതയും യാഥാർത്ഥ്യമാക്കും.
ബോട്ടിംഗിന് ടൂറിസത്തിന്റെ 3 കോടി
ടൂറിസം പദ്ധതിയുടെ ഭാഗമായി വഞ്ചിക്കുളത്ത് നിന്ന് വടൂക്കര പാലം വരെ ബോട്ടിംഗ് ആരംഭിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. വരുന്ന മാർച്ച് 31 നകം ബോട്ടിംഗ് ആരംഭിക്കുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനം. ഇപ്പോൾ മൂന്ന് കോടിയാണ് ടൂറിസം വകുപ്പനുവദിച്ചിട്ടുള്ളത്.
അമൃതിൽ പാർക്കിന് 90 ലക്ഷം
വഞ്ചിക്കുളത്ത് എത്തുന്നവർക്ക് ഉല്ലസിക്കാനായി പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ഇതിനായി കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അമൃത് പദ്ധതി പ്രകാരം
കുട്ടികളുടെ പാർക്ക്
ഫൗണ്ടൻ
ബെഞ്ചുകൾ
പ്രതിമകൾ
ലാൻഡ് സ്‌കേപ്
ആദ്യഘട്ടം 2020 മാർച്ചിന് മുമ്പ്
വഞ്ചിക്കുളം നവീകരണ പദ്ധതിയുടെ ആദ്യഘട്ടം 2020 മാർച്ചിന് മുമ്പ് പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ തന്നെ ബോട്ടിംഗ് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതികളെ സ്വാഗതം ചെയ്യുന്നു. ഇതും വന്നാൽ ഏറെ വികസനം ഈ മേഖലയിൽ ഉണ്ടാകും.
(വർഗീസ് കണ്ടംകുളത്തി, ഡി.പി.സി അംഗം)
ലക്ഷ്യമിടുന്നത് ഇവ
ബോട്ട് ഡെക് കെട്ടിടം
നടപ്പാത
സൈക്കിൾ ട്രാക്ക്
ഇരിപ്പിടങ്ങൾ
സോളാർ വർക്കുകൾ
മാലിന്യസംസ്‌കരണ പ്ലാന്റ്
പൂർത്തിയാകുന്നത് 3 ഘട്ടമായി
1ാം ഘട്ടത്തിൽ
കാന, കുളം എന്നിവ വൃത്തിയാക്കി സംരക്ഷണഭിത്തി.
2ാം ഘട്ടത്തിൽ
കെ.എൽ.ഡി.സി കനാൽ വരെ തുടർപ്രവർത്തനം
3ാം ഘട്ടത്തിൽ
മൂന്നാംഘട്ടത്തിൽ വടൂക്കര പാലം വരെ പദ്ധതി നീട്ടും. അവസാനഘട്ടം ചേറ്റുപുഴ, പുല്ലഴി വരെയുള്ള സൗന്ദര്യവൽക്കരണ പദ്ധതി