തൃശൂർ: കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച പാട്ടുരായ്ക്കൽ– പെരിങ്ങാവ് ജംഗ്ഷനുകളിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നൽ മൂലം ബസുകൾ സമയത്തിന് സർവീസ് നടത്താനാകാതെ മുടങ്ങുന്നതിനാൽ ബസ് സർവീസുകൾ നിറുത്തിവയ്ക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

സർവീസ് നിറുത്തിവയ്ക്കുന്നത് എന്നു മുതലാണെന്ന് അടുത്ത ദിവസം തീരുമാനിക്കും. ഗുരുവായൂർ റെയിൽവേ ഗേറ്റ്, കേച്ചേരി, ശോഭാ സിറ്റി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും പൊലീസിന്റെ നിരന്തര ജാഗ്രത ഉണ്ടായിട്ടും സർവീസ് പൂർത്തിയാക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നൽ പാട്ടുരായ്ക്കൽ – പെരിങ്ങാവ് ജംഗ്ഷനുകളിൽ നടപ്പിലാക്കിയത്. നിലവിലുള്ള ട്രാഫിക് സംവിധാനത്തിൽ ബസ് സർവീസ് ദുഷ്‌കരമായി.

ബസ് ജീവനക്കാർക്ക് സമയത്തിന് ഭക്ഷണം കഴിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിയുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഡീസലിന്റെ അധികച്ചെലവ് ബസ് ഉടമസ്ഥരെ കടക്കെണിയിലാക്കുകയാണ്. അടിയന്തരമായി ട്രാഫിക് സംവിധാനത്തിലോ, ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനത്തിലെ സമയക്രമീകരണത്തിലോ മാറ്റം വരുത്താതെ സർവീസ് നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.