tsunami-colony-full-waste
മാലിന്യം നിറഞ്ഞ സുനാമി കോളനി

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തൊട്ടാപ്പിലുള്ള സുനാമി കോളനി നിവാസികളുടെ ജീവിതം ദുരിത പൂർണം. മാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലാത്തതാണ് കോളനി നിവാസികളെ വലയ്ക്കുന്നത്.

സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചത് ഇവിടെയായിരുന്നു. 7.14 ഏക്കർ ഭൂമിയെ നാലു സെന്റ് ഭൂമിയാക്കി തിരിച്ച് 224 വീടുകളാണ് ഇവിടെ പണി പൂർത്തീകരിച്ചത്. ഒരു വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപയായിരുന്നു ചെലവ്. കോടികൾ ചെലവിട്ട് വീടുകൾ നിർമ്മിച്ചിട്ടും മാലിന്യ സംസ്‌കരണത്തിനുള്ള യാതൊരു വിധ സൗകര്യവും ഏർപ്പെടുത്തിയിരുന്നില്ല. മാലിന്യം സംസ്‌കരിക്കാൻ ഇടമില്ലാത്തത് മൂലം വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ പകർച്ച വ്യാധി ഭീഷണിയും നില നിൽക്കുന്നുണ്ട്. മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതും, മലിന ജലം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതുമാണ് പകർച്ച വ്യാധി ഭീഷണിക്ക് പ്രധാന കാരണമായിട്ടുള്ളത്. കൊതുകു ശല്യം രൂക്ഷമായതും നിവാസികൾക്ക് ദുരിതമായി. കൂടാതെ സെപ്റ്റിക് ടാങ്കുകൾ പൊട്ടി പുറത്തേക്ക് ഒഴുകുന്നതും കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാല വർഷം ആരംഭിച്ചിരിക്കെ സുനാമി കോളനിയിലെ മാലിന്യ സംസ്‌കരണത്തിന് ഈ വർഷമെങ്കിലും അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആവശ്യം.

..................................

ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയാണ് തൊട്ടാപ്പിലുള്ള സുനാമി കോളനി നിവാസികളുടെ ദുരിതത്തിന് കാരണം. ഇവിടെ ബോധവത്കരണ ക്ലാസും, സെമിനാറും നടത്തി മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കി അന്തിമ തീരുമാനം കാണണം.

-കെ.ആർ. ബൈജു (ബി.ജെ.പി കടപ്പുറം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി)