വടക്കാഞ്ചേരി: കാലം ഒട്ടേറെ പരിഷ്‌ക്കരിച്ചിട്ടും മാറ്റമില്ലാതെ തുടരുകയാണ് വടക്കാഞ്ചേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. നൂറു കണക്കിന് തൊഴിലന്വേഷകരാണ് പ്രതിദിനം വിവിധ കാര്യങ്ങൾക്കായി ഇവിടെയെത്തുന്നത്. എന്നാൽ ഇവർക്ക് സൗകര്യപ്രദമായി നിൽക്കാൻ പോലും ഇടമില്ലെന്നതാണ് വസ്തുത. റജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള പല കാര്യങ്ങളും ഓൺലൈനാക്കിയെങ്കിലും വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ഉദ്യോഗാർത്ഥികളുടെ നീണ്ട നിര പലപ്പോഴും സംസ്ഥാന പാത വരെ എത്താറുണ്ട്.

വടക്കാഞ്ചേരി ടൗണിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നത്. താലൂക്ക് ആസ്ഥാനത്ത് ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അപൂർവം ചില ഓഫീസുകളിൽ ഒന്നാണ് ഇത്. ഇവിടെയെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മഴയും വെയിലുമേറ്റ് മണിക്കൂറുകൾ വരി നിന്നു വേണം കാര്യം നടത്താൻ. വടക്കാഞ്ചേരിയിൽ തന്നെ നിരവധി സർക്കാർ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ ദുസ്ഥിതിയെന്നത് തങ്ങളോടുള്ള വലിയ വെല്ലുവിളിയാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷനും സർക്കാർ ഓഫീസ് സമുച്ചയവും പ്രവർത്തനമാരംഭിച്ചതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പല സ്ഥാപനങ്ങൾക്കും മോചനമായെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മാത്രം ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിൽ തന്നെ തുടരുന്നു. ഓട്ടുപാറ സെന്ററിൽ വനം വകുപ്പിന്റെതുൾപ്പടെ നിരവധി സർക്കാർ കെട്ടിടങ്ങൾ ചിതലെടുത്തു നശിക്കുന്നുണ്ടെന്നതും വസ്തുതയാണ്. ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഒഴിഞ്ഞുകിടക്കുന്ന ഏതെങ്കിലും സർക്കാർ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വടക്കാഞ്ചേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്