വാടാനപ്പിള്ളി: പൊരിവെയിലിൽ കാത്തിരുന്ന് വലഞ്ഞ് മഴയെത്തുമ്പോഴുള്ള പക്ഷി മൃഗാദികളുടെ സന്തോഷത്തെ ഉത്സവമാക്കിയ പഴമക്കാരുടെ ആ കൃഷി പുറപ്പാടിന്റെ ഉത്സവം പുനരാവിഷ്കരിച്ച് തൃത്തല്ലൂർ യു.പി സ്കൂൾ. കുട്ടികളുടെ നേത്യത്വത്തിൽ നടത്തിയ "ഓർമ്മയിലെ ഞാറ്റുവേല ചന്ത "നാടിനാകെ അഭിമാനമായി മാറി.
അടുത്താണ്ടിലെ ഭക്ഷണശേഖരണത്തിനായി കരുതലായി ഒരുക്കിവച്ച് സൂക്ഷിക്കുന്ന വിത്തിനങ്ങളുമായാണ് കുട്ടികളെത്തിയത്. കൃഷിയിടത്തിലേക്കിറങ്ങുന്ന പൂർവികരുടെ പഴമയുടെ കഥ പറഞ്ഞപ്പോൾ മുതിർന്നവർക്കും അത് പുതിയ പാഠം. നാടൻ പച്ചക്കറി നടീൽ വസ്തുക്കൾ, ഔഷധത്തൈകൾ ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ കിഴങ്ങുവർഗങ്ങൾ എന്നിവ ഉൾപ്പെടെ 23തരം 'തൈകൾ പ്രദർശനത്തിനായി കുട്ടികൾ ഒരുക്കി.
കദളി, ചെങ്കദളി, റോബസ്റ്റ് പാളയംകോടൻ, വിവിധ നേന്ത്രവാഴ ഇനങ്ങൾ, ഞാലി പൂവൻ, കണ്ണൻ, മണിലാ കുന്നൻ, കുന്നൻ, ചാരവണ്ണൻ,ചെട്ടിക്കായ, കുഴി നേന്ത്രൻ, കർപ്പൂര കദളി, സുഗന്ധ്, പൊപ്പൊലു തുടങ്ങി വിവിധയിനം വാഴകൾ നീല ചേമ്പ്, നാടൻ ചേമ്പ്, വടക്കൻ പട്ട, മധുര ചേമ്പ് തുടങ്ങി വിവിധയിനം ചേമ്പുകൾ മധുരക്കിഴങ്ങ്, റൊട്ടിക്കപ്പ ആറു മാസക്കൊള്ളി, വീരാൻ കൊള്ളി, തുടങ്ങി വിവിധയിനം കൊള്ളികൾ നാടൻ മഞ്ഞൾ ,കസ്തൂരി മഞ്ഞൾ, പ്രതിഭാ മഞ്ഞൾ, കൂവ, മഞ്ഞ കൂവ, മത്തൻ, കുമ്പളം, വെള്ളരി, വെറ്റില, കുരുമുളക്, കാവത്ത്, വിവിധ ഇനം പയറുകൾ, വിവിധ ഇനം ഔഷധച്ചെടികൾ, സീതപ്പഴം, മാദളം, പേര, അമ്പഴം, പപ്പായ, നോനി,അമ്പഴത്തൈ, തുളസി, തെച്ചി, ആടലോടകം, കരി നെച്ചി, ആര്യവേപ്പ്, നേന്ത്രവാഴക്കുല ,കറിവേപ്പ്, ഇലമംഗലം, ജാതി തടങ്ങി ഒട്ടനവധി ത്തൈകൾ പ്രദർശനത്തിലുണ്ട്.
പച്ച ഓലമെടഞ്ഞ് പരമ്പരാഗത ചകിരി പിരിച്ച് ഉണ്ടാക്കിയ കയറിൽ തയ്യാറാക്കിയ ബാനർ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാന സർക്കാറിന്റെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. പി.ബി. പുഷ്പലത വാഴത്തൈ നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ ആമുഖ പ്രഭാഷണം നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച വാഴ കർഷകൻ പ്രസാദ് കരീപ്പാടത്തിനെ മുഖ്യാതിഥി വിനോദ് പി. നാരായണൻ ചടങ്ങിൽ ആദരിച്ചു.
വാടാനപ്പിള്ളി കൃഷി ഓഫീസർ സുജീഷ് എസ് കൃഷിയിടങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഡോ. പി.ആർ. മഞ്ജു, ഗ്രാമ പഞ്ചായത്ത് അംഗം റീന സുനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ, ഹെഡ്മിസ്ട്രസ് സി.പി. ഷീജ, ടി.ബി. ഷീല, റാണി, അജിത് പ്രേം പി, പി.വി. ശ്രീജ മൗസമി, വി. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അന്യമാകുന്ന പഴയ കാല ഞാറ്റുവേല ചന്തയും സൗജന്യ വിത്ത് വിതരണവും നടന്നു.