ചാലക്കുടി: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ, സാമൂഹികസേവന പദ്ധതികളുടെ ഉദ്ഘാടനവും ആറ്ന് വൈകീട്ട് 7.30നു റോട്ടറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. അജയ്‌കുമാർ ഉദ്ഘാടനം നിർവഹിക്കും. ക്ലബിന്റെ 'സ്‌മൈൽ ചാലക്കുടി' പദ്ധതിയുടെ ഭാഗമായി 100 സ്‌കൂൾ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്ന അക്ഷരത്തണൽ പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഡയറക്ടർ ജോഷി ചാക്കോ നിർവഹിക്കും.
കെ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ (പ്രസിഡന്റ്), ജോൺ തെക്കേക്കര (വൈസ് പ്രസിഡന്റ്), രാജു പടയാട്ടിൽ (സെക്രട്ടറി), ബാബു ജോസഫ് (ജോയിന്റ് സെക്രട്ടറി), സാബു ചക്കാലയ്ക്കൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ സ്ഥാനമേൽക്കും. പുതിയ അംഗങ്ങൾക്കു അസി. ഗവർണർ ടി.പി. സെബാസ്റ്റ്യൻ അംഗത്വം നൽകും. ജിജിആർ ഡേവിസ് കോനൂപ്പറമ്പൻ, എഡിറ്റർ പി.എ. സുഭാഷ്ചന്ദ്രദാസ് എന്നിവർ ബുള്ളറ്റിൻ പ്രകാശനം ചെയ്യും. പ്രസിഡന്റ് അനീഷ് പറമ്പിക്കാട്ടിൽ അദ്ധ്യക്ഷനാകും. മാക്ട ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗം സംവിധായകൻ സുന്ദർദാസിനെയും സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ച ശ്വേത സുഗതനെയും ആദരിക്കും.
വർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ. രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സെക്രട്ടറി രാജു പടയാട്ടിൽ, ട്രഷറർ സാബു ചക്കാലയ്ക്കൽ, മുൻ പ്രസിഡന്റുമാരായ സി. അജയകുമാർ, പി.ഡി. ദിനേശ്, സ്‌മൈൽ ചാലക്കുടി ചെയർമാൻ ദിലീപ് നാരായണൻ എന്നിവർ പങ്കെടുത്തു.