ചാലക്കുടി: പതിറ്റാണ്ടുകാലത്തെ മുറവിളിയെ തുടർന്ന് ആരംഭിച്ച ഇറിഗേഷൻ ക്വാർട്ടേഴ്സിന് സമീപത്തെ കണ്ണംകുളം പുനരുദ്ധാരണം അന്തിമഘട്ടത്തിൽ. വേനൽക്കാലത്ത് ജലസേചന കനാലിലെ വെള്ളവും വർഷകാലത്ത് മഴവെള്ളവുമാണ് കുളത്തിൽ നിറഞ്ഞിരുന്നത്. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് കുളം ശോചനീയമായിരുന്നു. വീടുകളിലെ ഉൾപ്പെടെ മാലിന്യം തള്ളിയതോടെ കുളം കുപ്പത്തൊട്ടിയായി.
രണ്ടര പതിറ്റാണ്ടായി കനാൽ വെള്ളം എത്താതായതോടെ കുളം ശോഷിച്ചു, വശങ്ങൾ ഇടിഞ്ഞു, പടവുകൾ തകർന്നു. ഈ സാഹചര്യത്തിലാണ് കുളം സംരക്ഷിക്കണമെന്നും പുനരുദ്ധാരണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്. പ്രവൃത്തികൾക്കായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ നിന്നും 63.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കുളത്തിലെ ചെളി അടക്കമുള്ള മാലിന്യം നീക്കി ആഴം കൂട്ടി, വശങ്ങൾ സംരക്ഷിക്കാനായി കരിങ്കൽ ഭിത്തികളും കെട്ടി. കുളത്തിന് മുകളിൽ സംരക്ഷണ ഭിത്തിയും ഹാൻഡ് റെയിലും സ്ഥാപിച്ചു. കുളത്തിലേക്കുള്ള പടവുകളും കെട്ടിയൊരുക്കി കഴിഞ്ഞു. കനാൽ വെള്ളം കുളത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കാനായി ഫിൽറ്റർ ബെഡും നിർമ്മിച്ചിട്ടുണ്ട്. കുളം നിറയുമ്പോൾ വെള്ളം പുറത്തേക്ക് പോകാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആഴം കൂട്ടിയതോടെ വേനലിൽ പോലും വെള്ളം നിറഞ്ഞു. മഴവെള്ളം കൂടിയായതോടെ കുളം നിറഞ്ഞു. കുളിക്കാനും വിശ്രമിക്കാനുമായി നിരവധിപേരാണ് ഇപ്പോൾ എത്തുന്നത്. കുളത്തിന് സമീപം സോളാർ പാനൽ സ്ഥാപിച്ച് കുളത്തിന് ചുറ്റും വെളിച്ചം ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി കെ.എൽ.ഡി.സിയിലേക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. കൂടാതെ കുളത്തിൽ മത്സ്യകൃഷി നടത്താനും പദ്ധതിയുണ്ട്.
കുടിവെള്ളപ്രശ്നത്തിന് പരിഹാരം
മത്സ്യക്കൃഷിക്ക് യോഗ്യമാണോ എന്നറിയാൻ കുളത്തിലെ വെള്ളം പരിശോധനയ്ക്കായി ജലവിഭവ വകുപ്പ് കൊണ്ടുപോയിട്ടുണ്ട്. കുളം സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സമിതിയും രൂപീകരിച്ചു. കുളം ഉപയോഗപ്രദമായാൽ 22, 23 വാർഡുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.
- ബിന്ദു ശശികുമാർ, വാർഡ് കൗൺസിലർ