കൊടുങ്ങല്ലൂർ: അഴീക്കോട് ഐ.എം യു.പി സ്കൂളിന്റെ പ്രധാന വഴി അടച്ച് ബസുകളും സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിൽ രോഷം പ്രകടിപ്പിച്ച് അദ്ധ്യാപകരും രക്ഷിതാക്കളും സ്കൂൾ ഗേറ്റിന് മുന്നിൽ തടിച്ചു കൂടി പ്രതിഷേധമുയർത്തി.രാവിലെ 9.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ 4.30 വരെയും ഉള്ള സമയത്തെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

1000 ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ പ്രധാന വഴിയിൽ വാഹനങ്ങൾ തടസം സൃഷ്ടിക്കുന്നത് കൊണ്ട് സ്കൂൾ വാഹനങ്ങൾക്കും കുട്ടികളുടെ സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും സ്കൂളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും വളരെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കൂടാതെ പ്രധാന റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമാവുകയാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി പഞ്ചായത്ത്, പൊലീസ്, ആർ.ടി.ഒ എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. എന്നിട്ടും യാതൊരു നടപടിയുമില്ലാതെ വന്നപ്പോഴാണ് പരസ്യമായ പ്രതിഷേധത്തിന് രക്ഷിതാക്കൾ തയ്യാറായത്.

പി.ടി.എ.പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ, വൈസ് പ്രസിഡന്റ് പി.എം. മനാഫ്, പ്രധാനദ്ധ്യാപിക എൻ.എം. ഷൈജ, സ്റ്റാഫ് സെക്രട്ടറി ടി.എം. നാസർ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ പ്രദീഷ്, സുനന, ജ്യോയ് സി , ഷിനി, നൗഷാദ് എം.എൻ, അഷറഫ് പൂവ്വത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.