ഗുരുവായൂർ: ടൗൺ ഹാളിന് പിറകിൽ തൊഴിലുറപ്പ് സ്ത്രീകൾ ഉപയോഗിക്കുന്ന ഭാഗത്ത് അധികൃതർ അറിയാതെ സി.സി.ടി.വി കാമറ സ്ഥാപിച്ചതായി പരാതി. സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈലജ ദേവനാണ് ടെമ്പിൾ സി.ഐ: നഗരസഭാ ചെയർപേഴ്‌സൻ എന്നിവർക്ക് പരാതി നൽകിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് ആക്ഷേപം ഉയർന്നപ്പോൾ വനിതാ കൗൺസിലർമാർ പരിശോധനയ്ക്കെത്തുന്നതിന് മുമ്പായി കാമറ അഴിച്ചുമാറ്റിയെന്നും പരാതിയിൽ പറയുന്നു.

ടൗൺ ഹാളിൽ അനധികൃതമായി സി.സി.ടി.വി കാമറ സ്ഥാപിച്ചുവെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടു വരാൻ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കക്ഷി നേതാവ് എ.പി. ബാബു ആവശ്യപ്പെട്ടു. സ്ത്രീ സൗഹൃദ നഗരമെന്ന് അവകാശപ്പെടുന്നയിടത്ത് നഗരസഭാ സഭയുടെ സ്ഥാപനങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സംഭവത്തിൽ തൊഴിലാളികളാരും തന്നെ പരാതി പറയാൻ തയ്യാറായിട്ടില്ല.

സ്ഥിരം സമിതി അദ്ധ്യക്ഷയുടെ പരാതിയിൽ സ്ഥലത്ത് പരിശോധന നടത്തിയെന്നും കാമറകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ടെമ്പിൾ എസ്‌.ഐ: വർഗീസ് പറഞ്ഞു. എന്നാൽ പരാതികളെ തുടർന്ന് കാമറ മാറ്റിയതാണോ എന്ന് കണ്ടെത്താൻ തുടർ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.