ഗുരുവായൂർ: നെടുങ്കണ്ടം കസ്റ്റഡി മരണം എൽ.ഡി.എഫ് സർക്കാരിന് അപമാനമായെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോനെ രാജൻ വധത്തിൽ 'അറുകൊല മേനോൻ' എന്ന് വിളിച്ചവർക്ക് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റബോധം തോന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ നടന്ന കെ. ദാമോദരൻ സ്മൃതയിൽ നടത്തിയ പ്രഭാഷണത്തിലാണ് സി.പി.എമ്മിനെ പേരെടുത്ത് പറയാതെ പ്രകാശ് ബാബു ആക്രമിച്ചത്. അന്ന് അച്യുത മേനോനെ വിമർശിച്ചവർക്ക് ഇപ്പോൾ ഉള്ളിന്റെയുള്ളിൽ കുറ്റബോധം തോന്നുണ്ടെങ്കിൽ അത് പശ്ചാത്താപ പരിഹാരമാണ്. ആഭ്യന്തര വകുപ്പ് കൈയിലില്ലാത്ത മുഖ്യമന്ത്രിയെയാണ് അന്ന് ആരോപണ മുനയിൽ നിറുത്തിയതെന്ന് ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ. ദാമോദരൻ സ്മാരക സാഹിത്യ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ കൈമാറി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ ഭാർഗവൻ പള്ളിക്കരയെ ആദരിച്ചു. യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, സി.പി.ഐ ജില്ല എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരൻ, മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റ് സി.വി. ശ്രീനിവാസൻ, സെക്രട്ടറി കെ.കെ. ജ്യോതിരാജ്, നഗരസഭ ചെയർപേഴ്‌സൻ വി.എസ്. രേവതി എന്നിവർ സംസാരിച്ചു. ശ്രീകുമാറിന്റെ 'ബാലകഥാ സാഗരം' എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്.