തൃശൂർ: പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് മൂന്നാം ദിവസം വീടു വിട്ടിറങ്ങിയതാണ് വിശാൽ. അഞ്ചു ജോടി വസ്ത്രവും അമ്മ നൽകിയ 400 രൂപയുമായി. തിരിച്ചെത്തിയത് 93-ാം ദിവസം. ലോറിയിലും ബൈക്കിലും ലിഫ്റ്റടിച്ചും കള്ളവണ്ടി കയറിയും പിന്നിട്ടത് 29 സംസ്ഥാനങ്ങൾ. എന്തിനായിരുന്നു അത് എന്നു ചോദിച്ചാൽ ഒരു ചിരിയാണ് ആദ്യ പ്രതികരണം. പിന്നെ പറയും, നാടായ നാടൊക്കെ കാണാൻ എന്ന്. അതിനപ്പുറം പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയെ കണ്ടെത്തിക്കളയാം എന്ന വ്യാമോഹവുമില്ല. അമ്മയോട് ചോദിച്ചാലോ?
''അവന്റെ തുടുത്ത മുഖം അല്പം കറുത്തു. താടിരോമം വലുതായി. ദേഹത്ത് പലയിടത്ത് കുരുക്കളുണ്ടായി'' എന്ന് മറുപടി. കുറച്ചു ദുരനുഭവങ്ങളും ഉണ്ടായി. നല്ല കാഴ്ചകളും ജീവിതവും നേരിട്ടറിയാനും കഴിഞ്ഞു- എന്ന് വിശാലിന്റെ കൂട്ടിച്ചേർക്കൽ. കുന്നംകുളം കുന്നത്തിക്കര വീട്ടിൽ ബിസിനസുകാരനായ പ്രവീൺ - ശ്രീദേവി ദമ്പതികളുടെ മകൻ വിശാൽ തന്റെ ഏകാന്തയാത്രയെ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെയാണ്.
കന്യാകുമാരിയിൽ എത്തി ഒരു നാഷണൽ പെർമിറ്റ് ലോറിയിലായിരുന്നു സോളോ യാത്രയുടെ തുടക്കം. ചെന്നൈ, ആന്ധ്ര, സിക്കിം, അസാം... ലോറികളും ബൈക്കുകളും മാറിക്കയറി. ഒന്നും കിട്ടാത്തപ്പോൾ നടന്നു. രാത്രിയുറക്കവും കുളിയുമൊക്കെ അമ്പലങ്ങളിലും പുഴകളിലും പെട്രോൾ പമ്പുകളിലും. കടവരാന്തകളിൽ കിടക്കുമ്പോൾ പെരുച്ചാഴിയെയും ഇഴജന്തുക്കളെയും കണ്ട് പേടിച്ചു. യാത്രയ്ക്കിടയിൽ പരിചയപ്പെട്ടവരിൽ നിന്ന് ഭക്ഷണം. ചില ക്ഷേത്രങ്ങളും അന്നമൂട്ടി.
അസാമിൽ രാത്രി റോഡിൽക്കൂടി നടക്കുമ്പോൾ ബൈക്കിന് കൈ കാണിച്ചു. മലയാളിയാണെന്ന് അറിഞ്ഞപ്പോൾ കൂടെ കൂട്ടി. മുസ്തഫയെന്നാണ് ആ അസാമിയുടെ പേര്. മലപ്പുറത്താണ് ജോലി. അന്ന് രാത്രി അയാളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഉറങ്ങി. 17-ാം വയസിൽ ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിച്ച വിശാലിനെ തൃശൂർ സി.എം.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഇന്നലെ അനുമോദിച്ചു. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ചെന്നൈയിലേക്കാണ് ആദ്യം സോളോ യാത്ര നടത്തിയത്. അനുജത്തി നവമി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഫോൺ നഷ്ടമായപ്പോൾ അമ്മ പറഞ്ഞത്
ഒഡിഷയിൽ വച്ച് രണ്ടുപേർ ഫോൺ അടിച്ചുമാറ്റി. പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പൊലീസുകാർ അമ്മയെ വിളിച്ചു പറഞ്ഞു. 'കാശുമില്ല, ഫോണുമില്ല.' ഇനിയിപ്പോൾ തിരിച്ചുവരാമെന്ന് വിശാൽ അമ്മയോട് പറഞ്ഞു. 'ഇത്രയൊക്കെ ആയില്ലേ. എല്ലാ സ്ഥലവും കണ്ട് തിരിച്ചുവന്നാൽ മതി.' ഫോണിനുള്ള കാശ് അയച്ചുകൊടുക്കാമെന്നും അമ്മ പറഞ്ഞു. മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. പുതിയ മൊബൈൽ വാങ്ങി. ബാക്കിവന്ന 30 രൂപ കൊണ്ട് മൊട്ടയടിച്ചു. മീശയില്ലാതെ താടിമാത്രം വളർന്നത് കണ്ട് സിക്കിമിൽ വച്ച് തീവ്രവാദിയെന്ന് പറഞ്ഞ് ചിലർ അപമാനിച്ചു. ഒടുവിലെത്തിയത് ഗോവയിൽ. അവിടെ ലയൺസ് ക്ളബ് ഭാരവാഹികളുമായി പരിചയപ്പെട്ടതുമൂലം തിരിച്ചുള്ള യാത്ര വിമാനത്തിലായി.