മാള: മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിൽ അഴിമതിയെന്ന് ആരോഗ്യ വകുപ്പ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ സൂചന. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. അർബുദ രോഗ നിർണയ ക്യാമ്പിന്റെ പേരിൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ആശയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോർട്ട്. ഡോ. ആശ, ഹെൽത്ത് ഇൻസ്‌പെക്ടർ, ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരോട് അടിയന്തരമായി വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്ത് ലഭിച്ചതിന് മറുപടി തയ്യാറാക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരുടെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീന കേരള കൗമുദിയോട് പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വിജിലൻസും സർക്കാരുമാണ് അന്തിമ നടപടി സ്വീകരിക്കുക. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്താണ് പരിശോധന നടത്തിയതെങ്കിലും ഇപ്പോൾ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ യുക്തിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ജീവനക്കാർ വിശദീകരണം നൽകാത്തതെന്നാണ് സൂചന. മാള പഞ്ചായത്ത് പദ്ധതിയിൽ അര ലക്ഷം രൂപ ചെലവഴിച്ചാണ് 2018 ഫെബ്രുവരിയിൽ സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തിയത്.
അർബുദ രോഗ നിർണയത്തിനായി സംഘടിപ്പിച്ച ക്യാമ്പിനായി പദ്ധതിയിലെ മൂന്ന് രൂപ ഒഴികെയുള്ളത് ചെലവഴിച്ചതായാണ് രേഖ. പഞ്ചായത്ത് കമ്മറ്റി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ടും ഭരണസമിതിയുടെ പരാതിയും പരിഗണിച്ചാണ് ആരോഗ്യവകുപ്പ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. അഴിമതി സംബന്ധിച്ച് ആദ്യം വാർത്ത നൽകിയത് കേരള കൗമുദിയാണ്. 'അഴിമതിയുടെ കുടക്കീഴിൽ ആതുരാലയം' എന്ന തലക്കെട്ടിൽ 2018 മാർച്ച് 17 ന് കേരള കൗമുദി ആദ്യ വാർത്ത നൽകി. വാർത്ത പുറത്ത് വന്ന ശേഷം കോൺഗ്രസ് അംഗം ടി.കെ. ജിനേഷ് രേഖകൾ സഹിതം പഞ്ചായത്ത് കമ്മിറ്റിക്കും ഉന്നത അധികൃതർക്കും പരാതി നൽകി. പിന്നീട് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി വിജിലൻസിൽ പരാതി നൽകി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

സംശയത്തിന്റെ ചൂണ്ടുവിരൽ ഉയർത്തി, 5 കാരണങ്ങൾ

1. ക്യാമ്പ് രജിസ്റ്ററിൽ ഒപ്പിട്ടിട്ടുള്ളത് ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവർ
2. പ്രചാരണത്തിനായി 15,000 നോട്ടീസ് അച്ചടിച്ചെന്ന് രേഖ.
3. ക്യാമ്പ് സംബന്ധിച്ച അറിയിപ്പ് വാർഡ് മെമ്പർക്ക് പോലും ലഭിച്ചില്ല.
4. മെഡിക്കൽ ക്യാമ്പിൽ മാള പഞ്ചായത്തിൽ നിന്ന് പങ്കെടുത്തത് 23 പേർ
5. പങ്കെടുത്തവർക്ക് ഭക്ഷണം നൽകാനായി 15,900 രൂപ ചെലവഴിച്ചെന്ന് രേഖ.