തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത സംരംഭമായ ആയുഷ്‌മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 2,07,914 കുടുംബങ്ങൾക്ക് അംഗത്വം. ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. 2019 മാർച്ച് 31 വരെ നിലവിലുണ്ടായിരുന്ന ആർ.എസ്.ബി.വൈ ചിസ് പദ്ധതി (സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി), ചിസ് പ്ലസ് പദ്ധതി, മറ്റ് വിവിധ ചികിത്സാപദ്ധതികൾ എന്നിവ ഈ പദ്ധതിയിൽ സംയോജിപ്പിച്ചു.
പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാണ് അംഗത്വം നൽകുന്നത്. ക്യാമ്പ് സംബന്ധിച്ച അറിയിപ്പ് ഓരോ വീടുകളിലും കുടുംബശ്രീ പ്രവർത്തകർ എത്തിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ സർക്കാർ സ്വകാര്യ സഹകരണ ആശുപത്രികളിലൂടെയാണ് ചികിത്സാ ആനുകൂല്യം ലഭിക്കുക. അർഹത നേടിയാൽറേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളും ഈ പദ്ധതിക്ക് കീഴിൽ വരും.
ആർക്കൊക്കെ ചേരാം
1. 2019 മാർച്ച് 31 വരെ കാലാവധിയുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ് കൈവശമുള്ള കുടുംബങ്ങൾ.
2. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുടുംബങ്ങൾ. (പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചിട്ടുള്ള കുടുംബങ്ങൾ)
പ്രതിവർഷം ലഭിക്കുന്ന സൗജന്യ ചികിത്സ:
5 ലക്ഷം രൂപയുടേത്.
വിവരങ്ങൾക്ക് : ടോൾ ഫ്രീ നമ്പർ-18002002530
അംഗത്വ രജിസ്‌ട്രേഷൻ ഫീസ് 50 രൂപ
ഗുഭോക്താക്കൾ അറിയാൻ
1. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങൾക്കും അംഗത്വം
2. പുതിയ പേപ്പർ കാർഡ് ലഭിച്ചാലും പഴയ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് സൂക്ഷിച്ച് വയ്ക്കണം. പുതിയത് നഷ്ടപ്പെട്ടാൽ വിവരങ്ങൾ പരിശോധിക്കാം.
3 ഒരാൾ അംഗമായാൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കൂടി പദ്ധതിയിൽ കൂട്ടിച്ചേർക്കാം.
4. കാർഡില്ലെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് കാർഡിൽ നൽകിയ മൊബൈൽ നമ്പർ ആശുപത്രി കൗണ്ടറിൽ നൽകിയാലും സൗജന്യ ചികിത്സ
ജില്ലയിൽ 63.5 ശതമാനം കുടുംബ അംഗത്വ വിതരണം പൂർത്തീകരിച്ചു - ഫിറോസലി (ചിയാക് ജില്ലാ പ്രോജക്റ്റ് മാനേജർ)
കാഷ്‌ലെസ് ചികിത്സ ലഭിക്കുന്ന ആശുപത്രികൾ
തൃശൂർ മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രി, ഗവ. ഹോസ്പിറ്റൽ (തൃശൂർ, ഇരിങ്ങാലക്കുട), ജില്ലാ ആശുപത്രി വടക്കാഞ്ചേരി, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി ( ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, കുന്നംകുളം), താലൂക്ക് ആശുപത്രി പുതുക്കാട്, മുതുവട്ടൂർ രാജ ആശുപത്രി, ചേറ്റുവ ടി.എം. ആശുപത്രി, ഗാർഡിയൻ ആശുപത്രി മൂന്നുപീടിക, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി, ആര്യ മെഡിക്കൽ സെന്റർ തൃശൂർ, ഡോ. റാണിമേനോൻ ഐ ക്‌ളിനിക്ക് ചുങ്കം, കേരള കെയർ ആൻഡ് കൺസേൺ ഐ ക്‌ളിനിക്ക് തൃശൂർ, ഇ.ജിഎം ആശുപത്രി കൊടുങ്ങല്ലൂർ, മാർത്യുമോത്യൂസ് ആശുപത്രി കുന്നത്തുകര, പീച്ചീസ് ആശുപത്രി പട്ടിക്കാട്, ഐവിഷൻ സെന്റർ ചാലക്കുടി, റെയ്‌ഹാൻ ഐ ആശുപത്രി തൃപ്രയാർ, നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രി മതിലകം...