എരുമപ്പെട്ടി: കായിക അദ്ധ്യാപക തസ്തികകൾ കാലോചിതമായി പരിഷ്‌കരിച്ച് സംരക്ഷിക്കാനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും നടപടി കൈകൊള്ളാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ കായിക അദ്ധ്യാപകർ സമരത്തിന്. സംയുക്ത അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കായിക മേളകൾ ബഹിഷ്‌കരിച്ചാകും സമരം.

സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ സ്റ്റാഫ് ഫിക്‌സേഷൻ നടപ്പിലാക്കിയപ്പോൾ കായിക അദ്ധ്യാപകരെ സർക്കാർ പാടെ തഴഞ്ഞെന്നാണ് ആക്ഷേപം. മറ്റ് അദ്ധ്യാപക തസ്തികളിൽ കെ.ഇ.ആർ പരിഷ്‌കരിക്കാതെ തന്നെ വിദ്യാർത്ഥികളുടെ അനുപാതത്തിനനുസരിച്ച് നിയമനം നടപ്പിലാക്കിയിരുന്നു. എന്നാൽ 60 വർഷമായി കായികദ്ധ്യാപക തസ്തികാ മാനദണ്ഡം പഴയപടി തുടരുന്നു.

2017ൽ ക്തമായ സമരം സംഘടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സംഘടനയുമായി നടത്തിയ ചർച്ചയിൽ ആറുമാസം സമയം ആവശ്യപ്പെടുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞവർഷം പ്രളയത്തെ തുടർന്ന് സമരം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതുമൂലം സംസ്ഥാന തലത്തിൽ നൂറ് കണക്കിന് കായിക അദ്ധ്യാപകരുടെ സ്ഥിരം നിയമനം നഷ്ടപ്പെട്ടു. നിലവിൽ യു.പി തലത്തിൽ മാത്രമാണ് സർക്കാർ കായിക അദ്ധ്യാപകരെ നിയമിക്കുന്നത്.

കുട്ടികളുടെ എണ്ണം 500 താഴെയുള്ള സ്‌കൂളുകളിൽ പുതിയ നിയമനം നടക്കുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടികളുടെ എണ്ണക്കുറവുള്ള സ്‌കൂളുകളിലെ കായിക അദ്ധ്യാപകരെ രണ്ടോ മൂന്നോ സ്‌കൂളുകളിലെ കായിക പരിശീലകനായി നിയോഗിച്ചിരിക്കുകയാണ്. ഇത് സ്ഥിരനിയമനം നഷ്ടപ്പെടുത്തുന്നതോടൊപ്പം അദ്ധ്യാപകർക്ക് അമിത ജോലിഭാരവും നൽകുന്നുണ്ട്. അശാസ്ത്രീയ പരിഷ്‌കരണം കായിക വിദ്യാർത്ഥികളുടെ മികവ് പ്രകടമാക്കുന്നതിലും പ്രതികൂലമാകുന്നുണ്ട്.

സംസ്ഥാന തലത്തിൽ നടത്തുന്ന നിസ്സഹകരണ സമരത്തിന് മുന്നോടിയായി ജൂലായ് 10ന് എല്ലാ ഡി.ഡി.ഓഫീസുകൾക്കു മുന്നിലും, ജൂലൈ 27 ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ നടത്താൻ ഒരുങ്ങുകയാണ് കായികാദ്ധ്യാപകർ.

അവഗണന മാത്രം
കായിക അദ്ധ്യാപകർക്ക് തുല്യ വേതനം നടപ്പിലാക്കണമെന്ന് കാലങ്ങളായി അവശ്യപ്പെടുന്നെങ്കിലും ചെവികൊള്ളാറില്ല. കായികാദ്ധ്യാപകരോടും കായിക വിദ്യാഭ്യാസത്തോടും സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം.

- ഡിപ്പാർട്ട്‌മെന്റൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്‌സ് അസോ.

കായിക അദ്ധ്യാപകരുടെ ആവശ്യം

യു.പി വിഭാഗത്തിൽ 500 വിദ്യാർത്ഥികൾക്ക് ഒരു കായിക അദ്ധ്യാപകൻ എന്നത് 200 വിദ്യാർത്ഥികൾക്ക് ഒരാൾ എന്നാക്കുക

ഹയർ സെക്കൻഡറി വിഭാഗത്തിൽ തസ്തിക അനുവദിച്ച് നിയമനം നടത്തുക

ഹൈസ്‌ക്കൂൾ അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിക്കുക

പ്രശ്നം ഗുരുതരം

സ്റ്റാഫ് ഫിക്സേഷനിൽ കായിക അദ്ധ്യാപകരെ തഴഞ്ഞു

60 വർഷമായി കായികാദ്ധ്യാപക പാറ്റേൺ പരിഷ്കരിച്ചിട്ടില്ല

2017ൽ ശക്തമായ സമരം ചെയ്തു, ചർച്ചയിൽ നിറുത്തി

നിലവിൽ നിയമനം നടക്കുന്നത് യു.പിയിൽ മാത്രം

കുട്ടികൾ 500ൽ താഴെയെങ്കിൽ യു.പിയിൽ നിയമനമില്ല

അശാസ്ത്രീയ പരിഷ്കരണം മികവിനെ ബാധിക്കുന്നു