മാള: കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ആധുനിക ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് മാള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം കോൺഗ്രസ് നേതാവായ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളിയും പ്രതിഷേധക്കുറിപ്പിൽ ഒപ്പിട്ടിട്ടുണ്ട്. വർഗീസ് കാച്ചപ്പിള്ളി പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ആധുനിക ലാബ് സ്ഥാപിച്ചതെന്നും എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാതെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.

അക്കാലത്ത് തുടങ്ങിയ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനവും ശോചനീയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ പരാതികളും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടായതിനാലാണ് ജീവനക്കാരെ നിയമിക്കാൻ കഴിയാതിരുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി വ്യക്തമാക്കി...