regest
രേഖ

അന്തിക്കാട് : സൂചി കുത്താൻ ഇടം നൽകിയതാണ് ചെത്തു തൊഴിലാളി സഹകരണ സംഘം. പക്ഷേ ഇപ്പോൾ ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിലായി. പറഞ്ഞുവരുന്നത് അന്തിക്കാട്ടെ സബ് രജിസ്ട്രാർ ഓഫീസിനെ കുറിച്ചാണ്. പുതിയ കെട്ടിടം പണിക്കിടെ ആറ് മാസത്തേക്കാണ് സബ് രജിസ്ട്രാർ ഓഫീസിന് സഹകരണ സംഘത്തിന്റെ ബാങ്കിന്റെ മുകൾഭാഗത്തെ മുറികൾ വാടകയ്ക്ക് നൽകുന്നത്. അവസാനം നാല് വർഷം കഴിഞ്ഞിട്ടും ഒഴിയാതായതോടെ നാട്ടുകാർക്കും സംഘത്തിനും തലവേദനയായി. നാല് വർഷമായി ഒരു രൂപ പോലും ചെത്തു തൊഴിലാളി സഹകരണ സംഘത്തിന് നൽകാതെയാണ് ഓഫീസിന്റെ പ്രവർത്തനം. പുതുതായി നിർമ്മിച്ച സബ് രജിസ്ട്രാർ ഓഫീസിന്റെ ഒന്നാം നില പൂർത്തിയായി. എന്നാലും പരിമിതികൾക്കിടയിൽ വാടകക്കെട്ടിടത്തിലാണ് ഇവിടത്തെ പ്രവർത്തനം. സഹകരണ സംഘത്തിലേക്ക് വരുന്നവർക്ക് പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമില്ല. രജിസ്‌ട്രേഷന് വരുന്ന വയോധികരിൽ പലരെയും നാല് വർഷമായി താങ്ങിയെടുത്താണ് രജിസ്ട്രാർ ഓഫീസിലെത്തിക്കുന്നത്. പലവട്ടം കുടിയിറക്കാൻ സഹകരണസംഘം നോട്ടീസ് നൽകിക്കഴിഞ്ഞു. എന്നിട്ടും ഒരു കുലുക്കവുമില്ല ആർക്കും.

സ്ഥലപരിമിതിയിൽ വലഞ്ഞ്

വാടക കെട്ടിടത്തിന് പുറത്തെ ടെറസിൽ വിലപ്പെട്ട രേഖകൾ പലതും ഷീറ്റ് ഇട്ട് സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ആർക്ക് വേണമെങ്കിലും ടെറസിൽ പ്രവേശിച്ചാൽ കൈക്കലാക്കാം. രണ്ടു വർഷം മുമ്പ് പണി കഴിഞ്ഞ് ഒറ്റ നിലയിൽ പുതുക്കി പണിത സബ്. രജിസ്ട്രാർ ഓഫീസ് കെട്ടിടം വെറുതെ കിടക്കുകയാണ്. പരിമിതികൾക്കും അനാസ്ഥകൾക്കും ഇടയിൽ അരിമ്പൂർ മുതൽ ചാഴൂർ വരെയുള്ള അഞ്ച് പഞ്ചായത്തുകളിലെ പത്തോളം വില്ലേജുകളിലെ പൊതുജനമാണ് പല ആവശ്യങ്ങൾക്കായി സബ് രജിസ്ട്രാർ ഓഫീസിനെ ആശ്രയിക്കുന്നത്.

നിർമ്മാണത്തിൽ അഴിമതിയോ ?

റെക്കാഡ് റൂമോട് കൂടിയ മികച്ച സൗകര്യങ്ങൾക്കായാണ് അന്തിക്കാട് സബ് രജിസ്ട്രാർ ഓഫീസ് നാല് വർഷങ്ങൾക്ക് മുമ്പ് പൊളിക്കുന്നത്. ഗീത ഗോപി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ കൊണ്ട് ഇരു നിലയിലായി റെക്കാഡ് റൂം അടക്കം നിർമ്മിക്കാനായാണ് പി.ഡബ്ല്യു.ഡിക്ക് ടെൻഡർ നൽകിയത്. എന്നാൽ 50 ലക്ഷം കൊണ്ട് തീർക്കേണ്ട ഇരുനില കെട്ടിടത്തിന്റെ ഒരു നില പണി കഴിഞ്ഞപ്പോൾ തുക കഴിഞ്ഞു. 1500ൽ താഴെ ചതുരശ്ര അടി ഒന്നാം നില മാത്രമാണ് ഇതിനിടെ പൂർത്തിയായത്. ബാക്കി പണിയാൻ 40 ലക്ഷം കൂടി വേണമെന്നാണ് കരാറുകാരുടെ ആവശ്യം.

................

പിഡബ്ള്യുഡി - രജിസ്ട്രേഷൻ വകുപ്പ് എന്നിവയുടെ ഏകോപനത്തിൽ വന്ന വീഴ്ച്ചയാണ് ഇത്. ഇരുനില കെട്ടിടത്തിന് തുക കൂടുതൽ വേണമെങ്കിൽ അന്നേ സൂചിപ്പിക്കാമായിരുന്നു.

ഗീത ഗോപി

നാട്ടിക എം.എൽ.എ

..............

സ്വന്തം കെട്ടിടം ഉണ്ടായിട്ടും ഒഴിഞ്ഞു പോകാതെയും പലവട്ടം നോട്ടീസ് നൽകിയിട്ടുള്ളതുമായ സബ്. രജിസ്ട്രാർ ഓഫീസിന് ഉടനെ ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകും. ഒഴിയാത്ത പക്ഷം ബലമായി ഒഴിപ്പിക്കാനുള്ള നടപടികൾ ബാങ്ക് സ്വീകരിക്കും

കെ.വി വിനോദൻ

സെക്രട്ടറി

ചെത്തുതൊഴിലാളി സഹകരണ സംഘം