പാട്ടുപാടിയും കവിത ചൊല്ലിയും യാത്ര അയപ്പ് വികാരനിർഭരം
തൃശൂർ: പല പ്രശ്നങ്ങളും വിവാദങ്ങളും അഭിമുഖീകരിച്ചപ്പോഴല്ല, സഹപ്രവർത്തകരെ വഴക്കുപറയേണ്ടി വന്നപ്പോഴായിരുന്നു ഏറെ വേദനിച്ചതെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. സഹപ്രവർത്തകരുടെ ഉറച്ച പിന്തുണയാണ് പ്രളയമുൾപ്പെടെയുളള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ജില്ലയെ നയിക്കാൻ തനിക്ക് ഊർജ്ജമായതെന്നും കളക്ടർ ഇടറിയ ശബ്ദത്തോടെ പറഞ്ഞപ്പോൾ കളക്ടറേറ്റിലെ ജീവനക്കാരും ആ സ്നേഹവായ്പ് ഏറ്റുവാങ്ങി.
സ്ഥാനമൊഴിയുന്ന വേളയിൽ കളക്ടറേറ്റ് ജീവനക്കാർ നൽകിയ യാത്രഅയപ്പിന് മറുപടി പറയുകയായിരുന്നു അവർ. ജീവനക്കാരുടെ ജന്മദിനം ആഘോഷിച്ചും പരസ്പരം ഇടപഴകിയും ഇഴയടുപ്പം ഉണ്ടാക്കാനായിരുന്നു ആഗ്രഹിച്ചത്. ശോകമൂകമായി സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് ജോലി ചെയ്യരുത്. ജീവനക്കാരോട് പലപ്പോഴും കർശനമായി സംസാരിക്കേണ്ടി വരാറുണ്ട്. അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ചൊല്ലി മാത്രമായിരുന്നു. വ്യക്തിപരമായി ഒരാളോടും പരുഷമായി സംസാരിക്കേണ്ടി വന്നിട്ടില്ല. തൃശൂരിൽ പഠിച്ചതുകൊണ്ടും അമ്മയുടെ ജോലിസ്ഥലം ഇവിടെ ആയതുകൊണ്ടും ഈ ജില്ലയോട് പ്രത്യേക സ്നേഹമുണ്ടെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യാത്ര അയപ്പ്. നാടൻപാട്ടും സിനിമാപാട്ടും കവിതയും ചൊല്ലിയായിരുന്നു ജീവനക്കാർ യാത്ര അയപ്പ് നൽകിയത്. എ.ഡി.എം റെജി പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ എസ്. വിജയൻ, പി. അനിൽകുമാർ, ജെസിക്കുട്ടി മാത്യു, ആർ.ഡി.ഒ പി.എ വിഭൂഷണൻ, ഫിനാൻസ് ഓഫീസർ പി.ജെ തോമസ്, തഹസിൽദാർ സി.എസ് രാജേഷ്, മറ്റ് ജീവനക്കാർ എന്നിവർ ആശംസ നേർന്നു. ജീവനക്കാരുടെ ഉപഹാരം എ.ഡി.എം സമ്മാനിച്ചു. കോസ്റ്റ് സെക്രട്ടറി ആശ ഇഗ്നേഷ്യസ് സ്വാഗതവും സീനിയർ ക്ലാർക്ക് സി.ഡി യാമിനി നന്ദിയും പറഞ്ഞു...