പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രി, മറ്റത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡോക്ടർമാർ, നഴ്‌സുമാർ, പാര മെഡിക്കൽ ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ ഉടനെ നികത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറിൽ മന്ത്രി കെ.കെ. ഷൈലജയുടെയും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെയും സാനിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് തീരുമാനം.

മറ്റത്തൂരിൽ 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാകുന്നതിന് ഡ്യൂട്ടി ക്രമീകരിക്കുന്നതിനും കിടപ്പു രോഗികൾക്ക് പരമാവധി സൗകര്യം ലഭ്യമാക്കുന്നതിന് ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്‌സുകളുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനും ആരോഗ്യ മന്ത്രി നിർദേശം നൽകി. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെയും ലേബർ റൂമിന്റെയും പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.സി. സരിത, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി.ആർ. രാജു, ഡോ. വീണ സരോജി, നാഷണൽ ഹെൽത്ത് മിഷൻ എൻജിനിയർ, പി.ജെ. അനില, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡി: ഡോ. ടി.വി. സതീശൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.എ. ഉണ്ണിക്കൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് മാത്യു, മറ്റത്തൂർ ആശുപത്രി സുപ്രണ്ട് ഡോ. ലക്ഷ്മിമേനോൻ, പി.ആർ.ഒ: ഷാരൂൺ എന്നിവർ പങ്കെടുത്തു.