ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ടൗൺഹാളിലെ കിച്ചൻ ബ്ലോക്കിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെ ഉപരോധിച്ചു. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാനാകില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ മൂസക്കുട്ടി സമരക്കാരെ അറിയിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും ഹെൽത്ത് സൂപ്പർവൈസറും തമ്മിൽ തർക്കമായി.

ഒടുവിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നൽകിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പ്രതിപക്ഷ നേതാവ് ബാബു ആളൂർ, കൗൺസിലർമാരായ ആന്റോ തോമസ്, ഷൈലജ ദേവൻ, സി. അനികുമാർ, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, വർഗീസ് ചീരൻ, സുഷ ബാബു, ശ്രീന സുവീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, ശശി വാറണാട്ട്, കെ.പി ഉദയൻ, ഒ.കെ.ആർ മണികണ്ഠൻ, നിഖിൽ ജി കൃഷ്ണൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, സി.എസ് സൂരജ്, പി.ആർ പ്രകാശൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസമാണ് ടൗൺഹാളിന് പിറകിൽ കുടംബശ്രീ പ്രവർത്തകർ ഉപയോഗിക്കുന്ന സ്ഥലത്ത് ഒളികാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്.