ചാലക്കുടി: തച്ചുടപ്പറമ്പ് പുഞ്ചപ്പാടത്തെ തടയണ നിർമ്മാണം പൂർത്തീകരിച്ചു. വശങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി മാത്രമെ അവശേഷിക്കുന്നുള്ളൂ. അടുത്ത വേനൽ മുതൽ തടയണയുടെ പ്രയോജനം നാട്ടുകാർക്ക് ലഭ്യമാകും. പറയൻതോട്ടിൽ ആറടി ഉയരത്തിൽ വെള്ളം സംഭരിക്കാൻ കഴിയുംവിധമാണ് നിർമ്മാണം. 35 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുണ്ട്. വേനലിൽ മുകളിൽ ഷട്ടറിട്ടാണ് യഥാർത്ഥ അളവിൽ വെള്ളം തടഞ്ഞു നിറുത്തുക.

വർഷകാലത്തിന് ശേഷം പുഞ്ചപ്പാടം തീർത്തും വറ്റിപോകുന്ന അവസ്ഥയായിരുന്നു. പാടത്തിന്റെ നിരപ്പിൽ നിന്നും ഏറെ താഴ്ന്നാണ് തോട് ഒഴുകുന്നത്. ഇതിന്റെ ഒരറ്റത്ത് ഉയർന്ന ആറടിയിലെ തടയണയിൽ വേനൽക്കാലത്ത് പാടത്തിന്റെ ഇരുഭാഗങ്ങളിലേക്കും വെള്ളമെത്തും. എല്ലായ്പ്പോഴും ഒരടിയോളം വെള്ളം പാടശേഖത്തിൽ കെട്ടിക്കിടക്കുമെന്നതാണ് ഇതിന്റെ നേട്ടം. തച്ചുടപ്പറമ്പിന് പുറമെ പുത്തുപറമ്പിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വേനലിൽ പ്രദേശത്തെ നൂറു കണക്കിന് കിണറുകൾ വറ്റിവരളുന്ന അവസ്ഥയിൽ നിന്നാണ് മോചനം ലഭിക്കുന്നത്. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ ചെലവിലാണ് തടയണയുടെ നിർമ്മാണം.