ഗുരുവായൂർ: നഗരസഭാ ടൗൺ ഹാളിലെ സെക്യൂരിറ്റിയുടെ ഓഫീസ് മുറിയിൽ കാമറയുടെ മാതൃക സ്ഥാപിച്ചതിന്റെ പേരിലാണ് പൊതുജനങ്ങൾക്ക് ഇടയിൽ ആശങ്ക ജനിപ്പിക്കുന്ന വിധത്തിൽ പ്രചരണം ഇറക്കിയിട്ടുള്ളതെന്ന് നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി വാർത്താക്കുറിപ്പിൽ അറിയിച്ചു. നഗരസഭാ ടൗൺ ഹാളിലെ സെക്യൂരിറ്റിയുടെ ഓഫീസിൽ സ്ഥാപിച്ച കാമറയുടെ മാതൃക ഒറിജിനൽ ആണെന്ന് തെറ്റിദ്ധരിച്ച് കണ്ടിജന്റ് ജീവനക്കാർ പരാതി ഉന്നയിക്കുകയായിരുന്നു. ഓഫീസ് മുറിയിൽ സ്ഥാപിച്ചത് ഡോം കാമറയുടെ മാതൃക മാത്രമെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ഇത് പൊലീസിന് കൈമാറിയെന്നും ചെയർപേഴ്‌സൺ അറിയിച്ചു. ടൗൺ ഹാളിന്റെ ഓഫീസ് മുറി വസ്ത്രം മാറുന്നതിനുള്ള സ്ഥലമല്ല. ശുചി മുറിയിൽ കാമറ സ്ഥാപിച്ചു എന്ന രീതിയിൽ നടത്തുന്ന പ്രചരണം കള്ളമാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷിച്ച് ബോദ്ധ്യപ്പെടുത്തുവാൻ പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.