തൃശൂർ : ശമ്പളം പോലും കൊടുക്കാൻ കഴിയാതെ നട്ടം തിരിയുമ്പോൾ അരലക്ഷത്തോളം രൂപ കളക്‌ഷൻ ലഭിക്കുന്ന സർവീസ് റദ്ദ് ചെയ്ത് കെ.എസ്.ആർ.ടി.സി അധികൃതരുടെ ക്രൂരത. തൃശൂർ ഡിപ്പോയിൽ നിന്ന് ആഴ്ചാവസാനം നടത്തുന്ന കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സൂപ്പർ ഡീലക്‌സ് ബസ് സർവീസാണ് ഇന്നലെ റദ്ദ് ചെയ്തത്. ഭരണകക്ഷി സംഘടനയുടെ യൂണിറ്റ് സമ്മേളനത്തിന് ആളെ ലഭിക്കുന്നതിനായാണ് സർവീസ് റദ്ദ് ചെയ്തതെന്നാണ് ആരോപണം.

വ്യാഴാഴ്ച്ച വൈകീട്ട് എഴിന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന ബസ് വെള്ളിയാഴ്ച്ച വൈകിട്ടാണ് ബംഗളൂരുവിൽ നിന്ന് തിരിക്കുക. അര ലക്ഷത്തോളം രൂപയാണ് ഇതിന് കളക്‌ഷൻ ലഭിക്കുക. ഈ സർവീസ് ഐ.ടി മേഖലകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസമാണ്. വെള്ളിയാഴ്ച്ച ബംഗ്‌ളൂരുവിൽ നിന്ന് യാത്ര തിരിക്കുന്നവർക്ക് ഇവിടെ ശനിയാഴ്ച്ച രാവിലെ നാട്ടിലെത്താം. ഇന്ന് രാവിലെ മുതലാണ് ഭരണകക്ഷി സംഘടനയുടെ യൂണിറ്റ് സമ്മേളനം. തൃശൂർ ഉൾപ്പെടെ ജില്ലയിലെ പല ഡിപ്പോകളിലും അഞ്ചാം തിയതിയായിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് സമ്മേളനത്തിന്റെ പേര് പറഞ്ഞ് സർവീസ് മുടക്കുന്നത്...