കൊടുങ്ങല്ലൂർ: ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. സർഫാസി ആക്ടനുസരിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിനുള്ള ഡിമാൻഡ് നോട്ടീസ് വരുന്ന കേസുകളിൽ വില്ലേജ് ഓഫീസർമാർ ഭൂനികുതി സ്വീകരിക്കുന്നില്ല എന്ന വ്യാപകമായ പരാതി നിലവിലുണ്ട് . ഇത് പരിഹരിക്കാനും , ഇങ്ങനെ ക്രമ വിരുദ്ധമായി പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് റവന്യൂമന്ത്രി നിയമ സഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയത്. ഇ.ടി.ടൈസൺമാസ്റ്റർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യുന്നതിന് മുന്നോടിയായി ഡിമാൻഡ് നോട്ടീസ് നടത്തിയത് കൊണ്ടോ മുപ്പത്താറാം വകുപ്പ് പ്രകാരം ജപ്തി ചെയ്തുകൊണ്ടോ മാത്രം വീഴ്ച്ചക്കാരന് തന്റെ വസ്തുവിലുള്ള ഉടമസ്ഥാവകാശങ്ങൾക്കോ അവകാശ ബന്ധങ്ങൾക്കോ യാതൊരു കോട്ടവും സംഭവിക്കുന്നില്ല . ലേല സ്ഥിരീകരണശേഷം മാതമേ ലേല തിയ്യതി പ്രാബല്യത്തിൽ വീഴ്ച്ചക്കാരന് തന്റെ ഭൂമിയിലുള്ള ഇത്തരം അവകാശങ്ങൾ ഇല്ലാതാകുകയുള്ളൂ. അതിനാൽ തന്നെ ലേല തിയതി വരെയും വീഴ്ച്ചക്കാരനിൽ നിന്നും ഭൂനികുതി സ്വീകരിക്കുന്നതിനോ ഭൂമി സംബന്ധമായ സാക്ഷ്യപത്രങ്ങൾ അനുവദിക്കുന്നതിനോ തടസ്സമില്ല . എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നികുതി രസീതിലും സാക്ഷ്യപത്രങ്ങളിലും ജപ്തി സംബന്ധിച്ച റിമാർക്‌സ് , കുടിശ്ശിക തുകയുടെ വിവരം എന്നിവ രേഖപ്പെടുത്തിയാകും നൽകുക. മറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.