ചേലക്കര: നിയോജക മണ്ഡലത്തിലെ കുത്താമ്പുള്ളി ഉൾപ്പെടുന്ന തിരുവില്വാമല പഞ്ചായത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് തിരഞ്ഞെടുത്തതായി യു.ആർ. പ്രദീപ് എം.എൽ.എയുടെ സബ്മിഷന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ മറുപടി പറഞ്ഞു.

ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കുത്താമ്പുള്ളി പ്രദേശത്ത് പഠനം നടത്തുകയും വിനോദ സഞ്ചാര സാദ്ധ്യത വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. കുത്താമ്പുള്ളിയിലെ കൈത്തറി പാരമ്പര്യം വിനോദ സഞ്ചാരികൾക്ക് അനുഭവിച്ച് അറിയുന്നതിനുള്ള അവസരം ഒരുക്കുകയും അതുവഴി അവസരങ്ങളും മെച്ചപ്പെട്ട ജീവിതനിലവാരവും ഒരുക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ടൂറിസം ഗ്രാമസഭ രൂപീകരിക്കുക റിസോഴ്‌സ് മാപ്പിംഗ് നടത്തുക.

എക്‌സ്‌പീരിയൻഷ്യൽ ടൂർ പാക്കേജുകൾ സംഘടിപ്പിക്കുക. കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പന്നങ്ങൾക്ക് വിപണന സാദ്ധ്യത ഒരുക്കുക. ടൂറിസ്റ്റുകൾക്ക് ആവശ്യമായ ഹോംസ്റ്റേ, ഫാ സ്റ്റേ, തുടങ്ങിയവ നടത്തുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കുക, സ്ഥലത്തെക്കുറിച്ച് പ്രമോഷൻ വീഡിയോ തയ്യാറാക്കുക എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമായി കുത്താമ്പുള്ളിയിൽ നടപ്പിലാക്കും.