ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തി സാന്ദ്രമായി. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാവിലെ അഞ്ചിന് താന്ത്രികച്ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 8.30ന് തൃശൂർ രാമകൃഷ്ണൻ മാസ്റ്ററും സംഘവും ആലപിച്ച പഞ്ചരത്‌ന കീർത്തനങ്ങളോടെ മൂന്നു ദിവസമായി തുടർന്നു വന്നിരുന്ന പതിനേഴാം ശ്രീശാസ്താ സംഗീതോത്സവത്തിന് സമാപനമായി.
ഒമ്പതിന് മുറജപത്തോടു കൂടിയുള്ള കളഭം ശാസ്താവിന് അഭിഷേകം ചെയ്തു. തുടർന്ന് ശ്രീഭൂതബലി നടന്നു. കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. 10.30 മുതൽ നടന്ന പ്രസാദ ഊട്ടിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. പ്രസാദ ഊട്ട് നാല് വരെ തുടർന്നു.
മൂന്നിന് അഞ്ചാനകളുടെ അകമ്പടിയോടെ ശാസ്താവ് എഴുന്നെള്ളി. പഞ്ചാരിമേളം അകമ്പടിയായി. ഗജരാജൻ പാറമേക്കാവ് ശ്രീ പത്മനാഭൻ ശാസ്താവിന്റെ തിടമ്പേറ്റി.
പെരുവനം കുട്ടൻ മാരാർ ഉരുട്ടു ചെണ്ടയിലും തലോർ പീതാംബരൻ മാരാർ വീക്കം ചെണ്ടയിലും, കീഴൂട്ട് നന്ദനൻ കുറുങ്കുഴലിലും കുമ്മത്ത് രാമൻകുട്ടി നായർ കൊമ്പിലും, കുമ്മത്ത് നന്ദനൻ ഇലത്താളത്തിലും പ്രമാണിമാരായി.