കൊടുങ്ങല്ലൂർ: നഗരസഭാ ചെയർമാൻ സ്ത്രീവിരുദ്ധ- സത്യപ്രതിജ്ഞാ ലംഘനാ പരവുമായ ചെയ്തികൾ നടത്തിയെന്ന് ആരോപിച്ചും ചെയർമാന്റെ രാജി ആവശ്യപ്പെട്ടും കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയിലെ സി.ഡിഎസ് നമ്പർ: 2 ചെയർപേഴ്‌സൺ രത്‌ന ശ്രീകുമാറിനെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കാൻ നേതാക്കൾക്കൊപ്പം ചെയർമാൻ കെ.ആർ. ജൈത്രനും ഇടപെട്ടെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ഇതുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റേതെന്ന് കരുതുന്ന ശബ്ദരേഖ സഹിതം വെളിപ്പെടുത്തി ആരംഭിച്ച സമരത്തിന്റെ തുടർച്ചയായിരുന്നു സമരം.

യോഗത്തിനെത്തിയ ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കം യോഗം ആരംഭിച്ചതോടെ സീറ്റുകൾ വിട്ടിറങ്ങി നടുത്തളത്തിലെത്തി. കൗൺസിലർമാരായ ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, ശാലിനി വെങ്കിടേഷ്, ഡോ: ആശാലത, ലക്ഷ്മി നാരായണൻ മാസ്റ്റർ, സന്ധ്യ അനൂപ്, ബിന്ദു പ്രദീപ്, രശ്മി ബാബു, പാർവതി സുകുമാരൻ, രേഖ സൽപ്രകാശ്, റിജി ജോഷി, സെൽമ ഹരിലാൽ, ഐ.എൽ. ബൈജു എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
ഇവരെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് പക്ഷത്ത് നിന്നും ശ്രമമുണ്ടായെങ്കിലും കോൺഗ്രസ് അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു. വരാനിരിക്കുന്ന ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് -യു.ഡി.എഫ് അടവുനയത്തിന്റെ ഭാഗമാണ് ചെയർപേഴ്‌സൻ വിഷയത്തിൽ കോൺഗ്രസിന്റെ ചേരിചേരാനയം എന്ന് ബി.ജെ.പി പാർലമെന്റി പാർട്ടി കുറ്റപ്പെടുത്തി. ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന കൗൺസിൽ യോഗം തടസപ്പെടുത്തി അക്രമത്തിന് ശ്രമിക്കുന്ന ബി.ജെ.പി കൗൺസിലർമാരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാക്കളായ സി.സി. വിപിൻ ചന്ദ്രൻ, കെ.എസ്. കൈസാബ് എന്നിവർ ആരോപിച്ചു. ചെയർമാന്റെ വിശദീകരണം കേൾക്കുകയെന്ന സാമാന്യ മര്യാദ പോലും പാലിക്കാതെ അക്രമാസക്തമായി മുദ്രാവാക്യം വിളിച്ച് ചെയർമാന്റെ സീറ്റിനരികിൽ ചെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരിൽ നിന്നും കൗൺസിലർമാരിൽ നിന്നും പരാതികൾ ലഭിച്ചതിനെ തുടർന്ന്, പരാതികൾ പരിഹരിച്ച് എല്ലാവരെയും കൂട്ടിയോജിപ്പിച്ച് സി.ഡി.എസ് പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ചെയർമാൻ നിർദ്ദേശിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭാര്യയും പാർട്ടി അനുഭാവിയുമാണ് ചെയർപേഴ്‌സൺ. അവരെ ഭീഷണിപ്പെടുത്തിയെന്നത് കെട്ടിച്ചമച്ചതാണെന്നും ജനാധിപത്യവിരുദ്ധമായ ബി.ജെ.പിക്കാരുടെ പ്രവർത്തനത്തെ ശക്തമായി ചെറുക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി..