മാള: വൃക്ഷത്തൈകൾ നടുന്നത് ചടങ്ങ് മാത്രമാക്കാതെ പരിപാലിച്ചു വളർത്തിയപ്പോൾ ഈ വിദ്യാർത്ഥികളെ പ്രകൃതിയും അനുഗ്രഹിച്ചു. പ്രളയത്തെ അതിജീവിച്ച ഫലവൃക്ഷ തൈകൾ വളർത്തിയതിലൂടെ മാള സൊക്കോർസോ സ്‌കൂളിനെ അംഗീകാരം തേടിയെത്തി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ റോവർ സ്‌കൗട്‌സ് നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്ന വേറിട്ട മത്സരത്തിലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.
വിദ്യാലയത്തിലെ തോട്ടത്തിൽ ഗൈഡ് വിദ്യാർത്ഥികളാണ് വിവിധ തരം ഫല വൃക്ഷത്തൈകൾ നട്ടത്. ജില്ലയിലെ 16 വിദ്യാലയങ്ങളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾക്കാണ് ഇത്തരത്തിൽ ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തത്. പല യൂണിറ്റുകളും ലഭിച്ച തൈകൾ ചടങ്ങിന് നട്ടപ്പോൾ തങ്ങൾ പരിപാലനം കൂടി ഏറ്റെടുക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനിയായ മിലിൻ മില്ലർ പറഞ്ഞു. അത്തരത്തിൽ മികച്ച പരിപാലനം നടത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ വൃക്ഷത്തൈകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ മത്സരാടിസ്ഥാനത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു വളർത്തുന്നത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ സൊക്കോർസോ ഗൈഡിംഗ് യൂണിറ്റ് പുരസ്‌കാരം ഏറ്റുവാങ്ങി. സ്‌കൗട്ട് ജില്ലാ കമ്മിഷണർ എം.സി. വാസു പുരസ്‌കാരം നൽകി. സീനിയർ സ്‌കൗട്ട് വിംഗ് പ്രസിഡന്റ് രഘു മേനോൻ, ജില്ലാ സെക്രട്ടറി പി. ശശി, സാബു പോൾ എടാട്ടൂക്കാരൻ, സ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ഫ്‌ളവർററ്റ് എന്നിവർ സംസാരിച്ചു..