തൃശൂർ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ഇന്നലെ ചുമതലയേറ്റ ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. പ്രഗത്ഭരായ ജില്ലാ കളക്ടർമാർ ഇരുന്ന കസേരയാണിത്. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മാദ്ധ്യമങ്ങളുടെയും സഹകരണത്തോടെ ഭരണച്ചുമതല നിർവഹിക്കുകയാണ് ലക്ഷ്യം. എസ്.സി. കോളനി ശോച്യാവസ്ഥ പരിഹരിക്കൽ, മാലിന്യ നിർമ്മാർജ്ജനം, പട്ടയം, പ്രളയ പുനരധിവാസം എന്നിങ്ങനെ ആദ്യഘട്ടത്തിൽ പ്രാമുഖ്യം നൽകുമെന്ന് കളക്ടർ പറഞ്ഞു.

ആറുവരിപ്പാത

ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നതിനാൽ കുതിരാൻ ആറുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗങ്ങളിലെ ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് അറിഞ്ഞിട്ടുണ്ട്. ചുവന്നമണ്ണ് മുതൽ മണ്ണുത്തി വരെ മഴക്കാലമായതോടെ പ്രശ്‌നങ്ങൾ ഏറി. കുതിരാനിലെ പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്. തുരങ്കം സുരക്ഷിതമല്ലെന്ന് ഇതുവരെ വിദഗ്ദരായ ആരും പറഞ്ഞിട്ടില്ല. പാലിയേക്കര ടോൾ പ്‌ളാസ ജീവനക്കാരുടെ മോശമായ പെരുമാറ്റം മുമ്പും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യം ഉൾപ്പെടെ ദേശീയപാത വിഷയം പരിഹരിക്കുമ്പോൾ ശ്രദ്ധിക്കും. ടോൾ പ്‌ളാസയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നോടിയായി മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തേണ്ടി വരും.

എസ്.സി. കോളനി വികസനം

എസ്.സി. കോളനികളുടെ വികസനം പെട്ടെന്ന് സാദ്ധ്യമാക്കേണ്ടതുണ്ട്. കോളനി നിവാസികളുടെ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ പഠനം നടത്തി വ്യക്തമായ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിക്കും.

മാലിന്യ സംസ്‌കരണ കേന്ദ്രം

തൃശൂരടക്കമുള്ള വികസന നഗരങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം മാലിന്യം എങ്ങനെ നിർമ്മാർജ്ജനം ചെയ്യുമെന്നുള്ളതാണ്. ഉചിതമായ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുക മാത്രമാണ് ഏക പോംവഴി. പഠനം നടത്തി വിശദമായ പ്രൊജക്ട് സർക്കാരിന് സമർപ്പിക്കും.

കടലാക്രമണം

ശക്തമായ കാറ്റും മഴയും വരുമ്പോൾ തീരദേശവാസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം സുരക്ഷിതമായ കടൽഭിത്തിയില്ലെന്നുള്ളതാണ്. മികച്ച ഏജൻസിയെ കണ്ടെത്തി കല്ലുകൾ ലഭ്യമാക്കി ഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കും.

പട്ടയം

വനഭൂമി പട്ടയം സംബന്ധിച്ച് 1325 അപേക്ഷകളിൽ തീർപ്പായിട്ടുണ്ട്. പത്തെണ്ണം കോടതിയുടെ പരിഗണനയിലാണ്. നടപടികൾ പൂർത്തിയാക്കി ഉടൻ പട്ടയം വിതരണം ചെയ്യും.

പ്രളയപുനരധിവാസം

പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട് വീണ്ടും 52,000 അപേക്ഷകൾ ലഭിച്ചു. അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതികളാണ് ഏറെയും. അർഹമായ പരാതികൾ കണ്ടെത്തുന്നതിന് വിവിധ വകുപ്പിൽ നിന്നായി 40 ഓളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പത്തുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും...