തൃശൂർ: പട്ടികജാതി- വർഗ വിദ്യാർത്ഥികൾക്കുള്ള ലംപ്‌സം ഗ്രാന്റ് ലഭിക്കാൻ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികൾക്ക് ദേശസാൽകൃത ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് നടപ്പാക്കാൻ കളക്ടറുടെ നിർദ്ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ലപ്‌സം ഗ്രാന്റ് ലഭിക്കാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വാർത്ത പ്രസിദ്ധീകരിച്ചതിന് പിറകെ വിവിധ പട്ടികജാതി- വർഗ സംഘടനകൾ പ്രതിഷേധം ഉയർത്തുകയും വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതിയും നൽകി. ഇതുകൂടിയായതോടെ കളക്ടർ നടപടി വേഗത്തിലാക്കുകയായിരുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ലംപ്‌സം ഗ്രാന്റ് നൽകുന്നത്.
പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് സർക്കാർ എയ്ഡഡ് സ്‌കൂൾ മേധാവികൾ ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന നിലപാടെടുത്തത്. എന്നാൽ പല ബാങ്കുകളും അക്കൗണ്ടുകൾ ആരംഭിക്കണമെങ്കിൽ 500 മുതൽ 1000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്.
ചുരുക്കം ചില ബാങ്കുകൾ മാത്രമാണ് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ തയ്യാറാകുന്നത്. അക്കൗണ്ട് ആരംഭിക്കാനുള്ള തുക പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു നിബന്ധന കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പട്ടികജാതി - വർഗ വികസന വകുപ്പിന്റെ നിർദ്ദേശ പ്രകാരം അദ്ധ്യയന വർഷം തുടങ്ങി 15 -ാം പ്രവൃത്തി ദിനം മുതൽ ഗ്രാന്റ് കൊടുക്കണമെന്നാണ് നിർദ്ദേശം. നാളിതു വരെയായിട്ടും തുക നൽകാൻ തയ്യാറായിട്ടില്ല. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 320 രൂപയും അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെ 630 രൂപയും എട്ട് മുതൽ 10 വരെ 940 രൂപയും പ്ലസ് വൺ പ്ലസ് ടു 1130 രൂപയുമാണ് നൽകുന്നത്.
ജില്ലയിൽ അതിക്രമങ്ങൾക്കിരയായ പട്ടികജാതി വിഭാഗക്കാരായ 44 പേർക്ക് ഇതേവരെ 34,50,000 രൂപ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്തതായി ജില്ലാ പട്ടികജാതി വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം അറിയിച്ചു. കഴിഞ്ഞ വർഷം നടന്ന അതിക്രമങ്ങളിലാണ് നിയമ നടപടികളുടെ പശ്ചാത്തലത്തിൽ ഇത്രയും തുക വിതരണം ചെയ്തത്. 59 കേസുകളിൽ തുടർ നടപടികളെടുക്കാനും ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിലുള്ള യോഗം തീരുമാനിച്ചു. യോഗത്തിൽ എ.ഡി.എം റെജി.പി.ജോസഫ്, എ.സി.പി വി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.