കയ്പ്പമംഗലം: ദളിത് കുടുംബത്തെ ഭീഷണിപ്പെടുത്തി, വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയതായി പരാതി. എടത്തിരുത്തി മൂന്നാം വാർഡ് കൂനംപാലത്ത് താമസിക്കുന്ന പുന്നയിൽ ഇട്ടിക്കണ്ടൻ മകൻ രവിയും കുടുംബവും അമ്പത് വർഷത്തിലേറെയായി സഞ്ചരിച്ചിരുന്ന വഴിയാണ് അയൽവാസി തടസപെടുത്തിയതായി പരാതിയിൽ പറയുന്നത്.
എലുവത്തിങ്കൽ ചേർപ്പുകാരൻ അന്തോണി മകൻ ജോൺസണിനെതിരെയാണ് പരാതി. കുട്ടമംഗലം കനാൽ ഇറിഗേഷൻ റോഡിൽ നിന്ന് ചെമ്പകശേരി റോഡിലൂടെ എത്താവുന്ന 12 സെന്റ് സ്ഥലത്ത് 50 വർഷം മുമ്പ് രവിയുടെ പിതാവ് പുന്നയിൽ ഇട്ടിക്കണ്ടനാണ് ആദ്യം താമസം തുടങ്ങിയത്. ഏറെക്കഴിഞ്ഞാണ് അയൽവാസി ഇവിടെ താമസം തുടങ്ങുന്നത്. ഇപ്പോൾ രവിയും ഭാര്യയും മക്കളും തൊട്ടടുത്ത് രവിയുടെ സഹോദരനും ഇവിടെത്തന്നെയാണ് താമസം.
തൊട്ടടുത്ത സ്ഥലത്ത് മറ്റൊരു വീട്ടുകാരുമുണ്ട്. ചെമ്പകശേരി റോഡിൽ നിന്ന് 30 മീറ്റർ നീളത്തിൽ ജോൺസണിന്റെ 80 സെന്റ് സ്ഥലത്ത് കൂടെയാണ് ഇവർക്കുള്ള വഴി. ഈ വഴിയിലൂടെയാണ് മൂന്ന് വീട്ടുകാർ പോകുന്നതും വരുന്നതും. രണ്ട് വർഷം മുമ്പ് രവിയും കുടുംബവും മറ്റും ഈ വ്യക്തിയുടെ വഴിയിലൂടെ പോയിരുന്നപ്പോൾ സ്ഥലമുടമ നിരന്തരമായി തടസപെടുത്തിയിരുന്നു. അന്ന് എടത്തിരുത്തി പഞ്ചായത്തിൽ ഈ ദളിത് കുടുംബം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇവർക്ക് റോഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ മറ്റൊരു വഴിയും ഇല്ല. കഴിഞ്ഞ ജൂണിൽ വീണ്ടും വഴിയിൽ വാഴപ്പിണ്ടിയും മരക്കഷണങ്ങളും കൊണ്ടിട്ട് വഴി തടസപെടുത്തിയ സ്ഥലമുടമ വെട്ടുകത്തിയുമായി ദേഹോപദ്രവും ഏൽപ്പിച്ചതായി കാട്ടി കയ്പ്പമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ജാതിപ്പേര് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റും ഉൾപ്പെടെ പരാതി പറഞ്ഞിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. പരാതി നൽകിയിട്ടും പഞ്ചായത്തും അനങ്ങാതിരുന്നു. കാലങ്ങളായി പോയിരുന്ന വഴിയിലൂടെ തങ്ങൾക്കും സഞ്ചരിക്കാനുള്ള വഴിയാണ് വേണ്ടതെന്ന് രവി പറയുന്നു.
.........
രവിയുടെ പരാതി ലഭിച്ചപ്പോൾ അത് ലീഗൽ സെല്ലിന് കൈമാറിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ചെന്നപ്പോൾ, അവിടെ വഴിയടച്ചതോ, തടസപെടുത്തിയതോ ഒന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ മറ്റൊരു വഴി കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
- ബൈന പ്രദീപ്
എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ്
.......................
വഴി തടസപ്പെടുത്തിയതിനും രവിയെ മർദ്ദിച്ച് ജാതി അധിഷേപം നടത്തിയതിനും ദളിത് അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം. പൊലീസിന്റെ നീതി നിഷേധത്തിനെതിരെ മേൽനടപടികളും പ്രക്ഷോഭങ്ങളും നടത്താൻ ജനകീയ സമിതി പ്രവർത്തകരുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
- സനൽ
സമിതി പ്രവർത്തകൻ ..