തൃശൂർ: കേന്ദ്ര ബഡ്ജറ്റിൽ വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വരുമ്പോൾ കോർപറേഷന് അഭിമാനിക്കാം. ഈ പ്രഖ്യാപനത്തിന് ഒരു മുഴം മുമ്പെ വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനുള്ള നടപടികൾക്ക് കോർപറഷൻ തുടക്കം കുറിച്ചുകഴിഞ്ഞു. കോർപറേഷൻ വൈദ്യുതി ബഡ്ജറ്റിലായിരുന്നു ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനം മാത്രമായിരുന്നില്ല, ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കൈയടക്കുന്നത് മനസിലാക്കി നഗരത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. അനർട്ടുമായി എം.ഒ.യു വരെ ഒപ്പിട്ടെന്ന് കഴിഞ്ഞ ഫൈബ്രുവരി 23ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് അവതരിപ്പിച്ച ബഡ്ജറ്റിൽ വ്യക്തമാക്കിയിരുന്നു. സോളാർ വൈദ്യുതിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ചാർജിംഗ് സ്റ്റേഷനുകൾക്ക് ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക ഉപദേശമാണ് അനർട്ടുമായി ധാരണാപത്രം ഒപ്പിട്ടതിലൂടെ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് ലഭിക്കുക. നഗരത്തിൽ ഇലക്ട്രിക് ബസുകളുടെ സർവീസ് ആരംഭിക്കുമെന്നും കോർപറേഷൻ ബഡ്ജറ്റിൽ വ്യക്തമാക്കിയിരുന്നു. ശക്തൻ നഗറിൽ നിന്നും രണ്ട് ഇലക്ട്രിക് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കേന്ദ്ര ബഡ്ജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപാകമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടെ തൃശൂർ കോർപറേഷന്റെ സ്വപ്‌നങ്ങൾ വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. പതിനായിരം കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കാൻ നീക്കിവച്ചിരിക്കുന്നത്. തൃശൂർ കോർപറേഷന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ ബി.ജെ.പി കൗൺസിലർമാർ തന്നെ മുൻകൈയെടുക്കുമെന്ന പ്രതീക്ഷയുമുണ്ട്...