തൃശൂർ : വിദ്യാർത്ഥികളിൽ മൃഗപരിപാലന ആഭിമുഖ്യം വളർത്താനുള്ള പദ്ധതികളുൾപ്പെടെയുള്ള പത്തിന പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി വിതരണം, മൃഗപരിപാലന ക്ലബ് രൂപീകരിച്ച് ധനസഹായം നൽകൽ എന്നിവ ഉൾപ്പെടെയാണ് പദ്ധതികൾ. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും അഞ്ച് മുട്ടക്കോഴികളും ആദ്യത്തെ ആഴ്ചയ്ക്ക് വേണ്ട തീറ്റയും മരുന്നും നൽകുന്ന പദ്ധതി ഈ മാസം ആരംഭിക്കും.
അതത് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പ്രദേശത്തെ വെറ്ററിനറി ഓഫീസർ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് നൽകുക. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികളിൽ മൃഗപരിപാലന ആഭിമുഖ്യം വളർത്തുന്നതിന് മൃഗപരിപാലന ക്ലബ്ലും രൂപീകരിക്കും. ജില്ലയിലെ മൂന്ന് സ്‌കൂളുകളാണ് ഇതിനായി തെരഞ്ഞെടുക്കുക. ഇവക്ക് 51,000 രൂപ വീതം ധനസഹായം നൽകും. ഇതോടൊപ്പം മൃഗപരിപാലന ക്ലബ് പദ്ധതി നടപ്പാക്കിയ മികച്ച സ്‌കൂളിന് 10,000 രൂപയുടെ കാഷ് അവാർഡും നൽകും.
പത്തിന പദ്ധതികൾ ഇവ
1. വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി
മൃഗപരിപാലന ക്ളബ്
ക്ഷീര കർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് ധനസഹായം
താറാവ് നഴ്‌സറി തയ്യാറാക്കൽ
ആട് വളർത്തൽ സാറ്റലൈറ്റ് യൂണിറ്റ്
രാത്രികാല മൃഗ ചികിത്സാ സേവനം
കോഴിയും കൂടും പദ്ധതി
മാതൃകാ പഞ്ചായത്ത് പദ്ധതി
നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ ആട് വളർത്തൽ പദ്ധതി
വളക്കുഴി നിർമ്മാണത്തിന് ധനസഹായം
മറ്റ് പദ്ധതികൾ ഇവ
പ്രളയബാധിതർക്ക് 10 പെണ്ണാട്
പ്രളയത്തിൽ ആടുകളെ നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് 10 പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങുന്ന ആടു വളർത്തൽ യൂണിറ്റ്. പദ്ധതിക്ക് 90ശതമാനം സബ്‌സിഡി.
ആടുവളർത്തൽ യൂണിറ്റുകൾക്ക് ധനസഹായം
ജില്ലയിൽ 120 ആടു വളർത്തൽ യൂണിറ്റുകളുണ്ട്. ഇവയ്ക്ക് ഓരോന്നിനും 59,400 രൂപ വീതം ധനസഹായം
പ്രോത്സാഹനത്തിന് 25,000
ആട് വളർത്തൽ പ്രോത്സാഹിപ്പിക്കാനായി ജില്ലയിലെ 100 കർഷകർക്ക് അഞ്ച് പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ആട് വളർത്തൽ സാറ്റലൈറ്റ് യൂണിറ്റ് സ്ഥാപിക്കാൻ 25,000 രൂപധനസഹായം
40 ഗുണഭോക്താക്കൾക്ക് കോഴിയും കൂടും
ജില്ലയിലെ കോർപറേഷൻ, നഗരസഭ പ്രദേശങ്ങളിൽ താത്പര്യമുള്ള 40 ഗുണഭോക്താക്കൾക്ക് അഞ്ച് കോഴിയും കൂടും നൽകുന്ന പദ്ധതി പ്രകാരം 5000 രൂപയും നൽകും.