malinyam
ചാലക്കുടി മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് തകർന്ന് മാലിന്യം പുറത്തുവന്ന നിലയിൽ

ചാലക്കുടി: മാർക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റ് വീണ്ടും പൊട്ടി മാലിന്യം പുത്തേക്കൊഴുകി. എട്ടുമാസം മുമ്പ് നിർമ്മിച്ച ടാങ്കുകളുടെ സ്ലാബുകളാണ് തകർന്നത്. സംസ്‌കരിക്കപ്പെടാത്ത സ്ലെറി മൊത്തമായി പുറത്തേക്കൊഴുകുകയും ചെയ്തു. ഇതോടെ പരിസരം ദുർഗന്ധപൂരിതവും ശോചനീയവുമായി. മഴയെ തുടർന്ന് ഇവ മറ്റിടങ്ങളിലേക്കും ഒഴുകാൻ തുടങ്ങി. സമീപത്തെ വീട്ടുകാരെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സംസ്‌കരണം നടക്കുമ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളം കടത്തിവിടണമെന്നും യഥേഷ്ടം വെള്ളം എത്തിയില്ലെങ്കിൽ കൃത്യമായി സംസ്‌കരണം നടക്കില്ലെന്നും നിർമ്മാണം നടത്തിയ കോഴിക്കോട്ടെ ദീപം ബയോ ഗ്യാസ് ഏജൻസി പറഞ്ഞിരുന്നു. ആറ് ലക്ഷം രൂപ ചെലവിലാണ് പുതിയ ബയോ ഗ്യാസ് പ്ലാന്റ് നിർമ്മിച്ചത്. എന്നാൽ വെള്ളം എത്തിക്കുന്നതിന് ആവശ്യമായ പതിനയ്യായിരം രൂപയുടെ മോട്ടോർ വാങ്ങിവയ്ക്കാൻ ഹെൽത്ത് വിഭാഗം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. വെള്ളത്തിന്റെ അഭാവത്തിൽ സമ്മർദ്ദം കൂടിയപ്പോൾ സ്ലാബുകൾ തകരുകയായിരുന്നു.

........................................

വിവാദമായ ബയോഗ്യാസ് പ്ലാന്റ്

മാർക്കറ്റിലെ അറവുമാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളുമാണ് ഇവിടെ സംസ്‌കരിക്കുന്നത്. എട്ടു വർഷത്തോളം പഴക്കമുള്ള പ്ലാന്റുകൾ തകർന്നത് കഴിഞ്ഞ വർഷം ഏറെ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായ ഉടനെ പ്രതിവിധി എന്ന നിലയിലാണ് പുതിയ ടാങ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചതും എട്ടുമാസം മുമ്പ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചതും. ഇപ്പോൾ പുറത്തേക്ക് ഒഴുകിയ സ്ലെറി ഇവിടെ നിന്നും മാറ്റുകയും ടാങ്കിന്റെ പ്രവർത്തനം കാര്യക്ഷമാക്കുകയും ചെയ്തില്ലെങ്കിൽ പ്രശ്‌നങ്ങൾ രൂക്ഷമാകും.