മാള: 'ഇല്ലാ ജാതികൾ ഭേദ വിചാരം, ഇവിടെ പുക്കവർ ഒരു കൈ ചാരം'... ആറര ദശകം പിന്നിട്ട് ഹരിശ്ചന്ദ്രയെന്ന സിനിമയിലെ വരികൾക്ക് ഈയാണ്ടിലും ജീവൻ വയ്ക്കുന്നു. അല്ലെങ്കിൽ എറണാകുളം മുളവുകാട് പൊന്നാരിമംഗലം തിട്ടയിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മോനിയുടെ (68) മരണം അതോർമ്മപ്പെടുത്തുകയാണ്. ഇടവകകളിലൊന്നും അംഗമല്ലാത്തതിനാൽ, കുരിശിന്റെ വഴിയേ നടന്ന മോനിക്ക്, ഹിന്ദു മതാചാര പ്രകാരം വൻ ചിത നടുവിലായിരുന്നു അന്ത്യഉറക്കം. ആ കഥ ഇങ്ങനെ.. എൽ.സി വിഭാഗക്കാരിയായിരുന്നു മോനി. സി.എസ്.ഐ വിഭാഗക്കാരനായ ഡാനിയേലിനെ വിവാഹം കഴിച്ചതോടെ സി.എസ്.ഐയിലേക്ക് മാറി. മുളവുകാട് പൊന്നാരിമംഗലം ഇടവകക്കാരായ കുടുംബം ഡാനിയേലിന്റെ മരണശേഷം അവിടത്തെ പള്ളിയിൽ നിന്ന് വിടുതൽ വാങ്ങി അഷ്ടമിച്ചിറയിലേക്ക് വന്നു. മോനിയുടെ മകൻ വിൽട്ടൻ വിവാഹം കഴിച്ചിരിക്കുന്നത് ഈഴവ സമുദായ അംഗമായ അഷ്ടമിച്ചിറയിൽ കദളിക്കാട്ട് വീട്ടിൽ ധന്യയെയാണ്. ഇതോടെ 11 വർഷമായി ഈ വീട്ടിലാണ് മോനിയുടെ താമസം. 11 വർഷമായി ഇവിടെ എത്തിയെങ്കിലും ഇടവകയായ അമ്പഴക്കാട് പള്ളിയിൽ പോവുകയോ ചേരുകയോ ചെയ്തില്ല. വിടുതൽ വാങ്ങിയതിനാൽ പൊന്നാരിമംഗലത്തും അടക്കാനായില്ല.
അതിനാൽ മോനി മരിച്ചതോടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ പ്രതിസന്ധിയായി. പിന്നെയാണ് ചിത ദഹിപ്പിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള വിൽട്ടന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ചേ മുക്കാൽ സെന്റ് സ്ഥലത്തിലാണ് മോനിക്ക് ചിതയൊരുക്കിയത്. ചിതയ്ക്ക് ഹിന്ദു ആചാര പ്രകാരം മകൻ വിൽട്ടൻ തീ കൊളുത്തി. ചിതയൊരുക്കും മുമ്പ് മോനിയുടെ അന്ത്യയാത്രയ്ക്ക് അമ്പഴക്കാട് പള്ളി വികാരി കർമ്മങ്ങൾ നടത്തി. പിന്നീടാണ് നാട്ടുകാരും സുഹൃത്തുക്കളും ധന്യയുടെ ബന്ധുക്കളും ചേർന്ന് ചിതയൊരുക്കിയത്. മൃതദേഹം ക്രൈസ്തവ ആചാര പ്രകാരം സംസ്‌കരിക്കാൻ കഴിയാത്തത് അമ്മയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാലാണെന്ന് വിൽട്ടൻ കേരള കൗമുദിയോട് പറഞ്ഞു. അമ്മയുടെ മൃതദേഹം ഹിന്ദു ആചാര പ്രകാരം സംസ്‌കരിച്ചുവെങ്കിലും തുടർന്നുള്ള കാര്യങ്ങൾ ഏത് രീതിയിൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിൽട്ടൻ വ്യക്തമാക്കി. വിൽട്ടനും അമ്മയും ധന്യയുടെ അച്ഛനും അമ്മയുമാണ് അഷ്ടമിച്ചിറയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിൽട്ടന്റെ സഹോദരി മിനിയും ഭർത്താവ് ബൈജുവും വടുതലയിലാണ് താമസം.